ന്യൂഡൽഹി
ഉത്തർപ്രദേശിൽ 63.30 ശതമാനം മരണമേ കണക്കിൽപെടുത്തുന്നുള്ളൂവെന്ന് നിതി ആയോഗ് ആരോഗ്യ സൂചിക. 2019–-20ലെ സൂചികയിലാണ് വിവരം. കോവിഡ് മരണമടക്കം മറച്ചുവയ്ക്കുന്നുണ്ടെന്നാണ് കണക്ക് വ്യക്തമാക്കുന്നത്. ബിഹാറിൽ ഇതിലും ദയനീയമാണ് സ്ഥിതി. ഇവിടെ മരണരജിസ്ട്രേഷൻ നിരക്ക് 51.96 ശതമാനം മാത്രമാണ്. ജാർഖണ്ഡിൽ 58.80 ശതമാനവും.
അതേസമയം, കേരളം അടക്കം ദക്ഷിണേന്ത്യൻ സംസ്ഥാനങ്ങളിൽ മരണരജിസ്ട്രേഷൻ നിരക്ക് 100 ശതമാനമാണ്. ശിശു–- മാതൃമരണ നിരക്ക്, സ്ത്രീപുരുഷാനുപാതം എന്നിവ അടിസ്ഥാനമാക്കിയാലും ഉത്തർപ്രദേശ് കേരളത്തെ അപേക്ഷിച്ച് ബഹുകാതം പിന്നിലാണ്. നവജാതശിശുമരണ നിരക്ക് ഉത്തർപ്രദേശിൽ 32 ആയിരിക്കെ കേരളത്തിൽ അഞ്ചുമാത്രം (ആയിരത്തിൽ). അഞ്ചു വയസ്സിൽ താഴെയുള്ള കുട്ടികളുടെ മരണനിരക്ക് യഥാക്രമം 10, ഏഴ് ആണ്. മാതൃമരണനിരക്ക് 197, 43 വീതവും. ജനനസമയത്തെ സ്ത്രീ–പുരുഷ അനുപാതം ഉത്തർപ്രദേശിൽ 880ഉം കേരളത്തിൽ 957ഉം. യുപിയിൽ പെൺഭ്രൂണഹത്യ വ്യാപകമാണെന്ന് ഇത് സൂചിപ്പിക്കുന്നു.