ന്യൂഡൽഹി
ഹരിദ്വാറിൽ തീവ്രവിദ്വേഷപ്രസംഗങ്ങൾ നടത്തിയ ഹിന്ദുത്വനേതാക്കളും പൊലീസ് ഉദ്യോഗസ്ഥരും ഒറ്റക്കെട്ടാണെന്ന് വ്യക്തമാക്കുന്ന ദൃശ്യം പുറത്ത്. മുസ്ലിങ്ങളെ ആക്രമിക്കാൻ ആഹ്വാനം ചെയ്ത നേതാക്കൾ ഹരിദ്വാർ സ്റ്റേഷൻ ഹൗസ് ഓഫീസർ രാകേഷ് ഖതായ്ത്തുമായി സൗഹൃദം പങ്കിട്ട് പൊട്ടിച്ചിരിക്കുന്ന ദൃശ്യങ്ങളാണ് പ്രചരിക്കുന്നത്. വിവാദമതസമ്മേളനം സംഘടിപ്പിച്ച ഹിന്ദുരക്ഷാസേനയുടെ പ്രബോധാനന്ദ് ഗിരി, യതി നരസിംഹാനന്ദ്, പൂജാശകുൻപാണ്ഡെ, ആനന്ദ് സ്വരൂപ്, ജിതേന്ദ്രനാരായൻ ത്യാഗി തുടങ്ങിയവരാണ് സ്റ്റേഷൻഹൗസ് ഓഫീസർക്കൊപ്പമുള്ളത്.
തീവ്രവിദ്വേഷപ്രസംഗങ്ങളുടെ പേരിൽ ജിതേന്ദ്രനാരായൻ ത്യാഗി, പൂജാശകുൻപാണ്ഡെ തുടങ്ങിയവർക്കെതിരെ ഉത്തരാഖണ്ഡ് പൊലീസ് നേരത്തേ കേസെടുത്തിരുന്നു. ഇതിന് മറുപടിയായി ചിലമുസ്ലിം പുരോഹിതൻമാർ തങ്ങൾക്കെതിരെ ഗൂഢാലോചന നടത്തുന്നെന്ന പരാതി നൽകാനാണ് ഇവർ സ്റ്റേഷനിലെത്തിയത്. പരാതിയിൽ കർശനനടപടി എടുക്കണമെന്ന് പൂജാശകുൻ പാണ്ഡെ സ്റ്റേഷൻഹൗസ് ഓഫീസറോട് പറയുന്നതും ‘അദ്ദേഹം നമ്മുടെ ഒപ്പമാണെന്ന ഉറപ്പാണെന്ന്’–- യതി നരസിംഹാനന്ദ് പ്രതികരിക്കുന്നതും ദൃശ്യങ്ങളിൽ വ്യക്തമാണ്.