കൊച്ചി
കർണാടക പൊലീസ് യുഎപിഎ ചുമത്തിയതിനെതിരെ മാധ്യമപ്രവർത്തക കെ കെ ഷാഹിന ഉൾപ്പെടെ മൂന്നുപേർ നൽകിയ ഹർജി കർണാടക ഹൈക്കോടതി തള്ളി. വിധി പഠിച്ചശേഷം നിയമനടപടി തുടരുമെന്ന് ഷാഹിന പറഞ്ഞു. ബംഗളൂരു സ്ഫോടനപരമ്പര കേസിൽ പിഡിപി ചെയർമാൻ അബ്ദുൾ നാസർ മഅ്ദനിക്കെതിരെ സാക്ഷിമൊഴി നൽകിയവരെ ഭീഷണിപ്പെടുത്തിയെന്നാണ് കേസ്.
ഷാഹിന, കാസർകോട് സ്വദേശി സുബൈർ പടുപ്പ്, കുടക് മടിക്കേരി യലവിദഹള്ളി സ്വദേശി ഉമ്മർ മൗലവി എന്നിവർക്കെതിരെ സോമവാർപേട്ട്, സിദ്ധാപുര സ്റ്റേഷനുകളിലായി 2010ലാണ് കേസ് രജിസ്റ്റർ ചെയ്തത്. ബംഗളൂരു സ്ഫോടനക്കേസിലെ ഒന്നാംപ്രതി തടിയന്റവിട നസീറിന്റെ നേതൃത്വത്തിൽ നടന്ന ഗൂഢാലോചനയിൽ പങ്കെടുക്കാൻ മഅ്ദനി കുടകിൽ പോയെന്നാണ് പ്രോസിക്യൂഷൻ വാദം. മഅ്ദനിയെ കുടകിൽവച്ച് കണ്ടെന്ന് കുടക് സ്വദേശി കെ ബി റഫീഖും കെ കെ യോഗാനന്ദും മൊഴി നൽകി. തെഹൽക റിപ്പോർട്ടറായിരുന്ന ഷാഹിന, 2010 നവംബർ 16ന് നടത്തിയ രഹസ്യക്യാമറ അഭിമുഖത്തിൽ ഇരുവരും മൊഴി നിഷേധിച്ചു. ഈ റിപ്പോർട്ടിനെ തുടർന്നാണ് സാക്ഷികളെ ഭീഷണിപ്പെടുത്തിയെന്ന പേരിൽ ഷാഹിനയ്ക്കും മറ്റുള്ളവർക്കുമെതിരെ കേസെടുത്തത്. ആവശ്യമായ പരിശോധന നടത്താതെയും നടപടിക്രമങ്ങൾ പാലിക്കാതെയുമാണ് യുഎപിഎ ചുമത്തിയതെന്ന് ഹർജിക്കാർ വാദിച്ചു.