ന്യൂഡൽഹി
രാജ്യത്ത് ഒമിക്രോൺ വ്യാപനത്തിനൊപ്പം പ്രതിദിന കോവിഡ് രോഗികളുടെ എണ്ണത്തിലും വർധന. പ്രതിദിന രോഗികൾ 44 ശതമാനം ഉയർന്നു. 126 പുതിയ ഒമിക്രോൺ കേസും റിപ്പോർട്ട് ചെയ്തു. ആകെ 781 പേരിലാണ് ഇതുവരെ ഒമിക്രോൺ കണ്ടെത്തിയത്. ഡൽഹിയിലാണ് കൂടുതൽ– 238. മഹാരാഷ്ട്ര–-167. മുംബൈയിൽ കോവിഡ് രോഗികളിൽ ഇരട്ടി വർധന രേഖപ്പെടുത്തി. 2510 എണ്ണം ബുധനാഴ്ച സ്ഥിരീകരിച്ചു. ചൊവ്വാഴ്ച 1377 ആയിരുന്നു. ഡൽഹിയിൽ പ്രതിദിന കോവിഡ് കേസുകൾ 923 ലേക്ക് ഉയർന്നു. ഒമിക്രോൺ വ്യാപന പശ്ചാത്തലത്തിൽ പുതുവൽസരാഘോഷങ്ങൾക്ക് കൂടുതൽ സംസ്ഥാനം നിയന്ത്രണം ഏർപ്പെടുത്തിയിട്ടുണ്ട്.
മഹാരാഷ്ട്രയിൽ അടച്ചിട്ട ഓഡിറ്റോറിയങ്ങളിലും തുറസ്സായ സ്ഥലങ്ങളിലും പ്രവേശനം 50 ശതമാനംപേർക്കുമാത്രം. മുംബൈയിൽ ഗേറ്റ്വേ ഓഫ് ഇന്ത്യ, മറൈൻ ഡ്രൈവ്, ജൂഹു എന്നിവിടങ്ങളിൽ ആൾക്കൂട്ടം പാടില്ല. ഗോവയിൽ രണ്ടു ഡോസ് വാക്സിൻ എടുക്കാത്തവർക്ക് പുറത്തിറങ്ങി പുതുവർഷം ആഘോഷിക്കാനാകില്ല. കോവിഡ് നെഗറ്റീവ് സർട്ടിഫിക്കറ്റും പരിഗണിക്കും. രാത്രി കർഫ്യൂ ഏർപ്പെടുത്തിയിട്ടില്ല. ഡൽഹി, കർണാടക, മധ്യപ്രദേശ്, ഗുജറാത്ത്, ഉത്തർപ്രദേശ്, ഒഡിഷ സംസ്ഥാനങ്ങളിലും നിയന്ത്രണമുണ്ട്. രാജസ്ഥാനിൽ ഒമിക്രോൺ കേസ് 69 ആയി. ബംഗാളിൽ അഞ്ചും ആന്ധ്രയിൽ പത്തും തമിഴ്നാട്ടിൽ 11ഉം ഗുജറാത്തിൽ അഞ്ചുംകൂടി സ്ഥിരീകരിച്ചു.
രോഗികളുടെ
നില ഗുരുതരമല്ല
ഡൽഹിയിൽ ഒമിക്രോൺ രോഗികളിൽ ഒരാളുടെയും നില ഗുരുതരമല്ലെന്ന് ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ പറഞ്ഞു. ആർക്കും ഓക്സിജൻ നൽകേണ്ട സാഹചര്യം ഉണ്ടായിട്ടില്ല.
ഡൽഹിയിലാണ് രാജ്യത്ത് ഏറ്റവും കൂടുതൽ രോഗികളുള്ളത്. 238 പേർക്കാണ് ഇതുവരെ സ്ഥിരീകരിച്ചത്. 90 ശതമാനം രോഗികൾക്കും ഗുരുതര ലക്ഷണങ്ങളില്ല. ചെറിയ പനി, ശരീരവേദന, തൊണ്ടവേദന എന്നിവയാണുള്ളത്. എന്നാൽ, പ്രതിദിന കേസുകളുടെ വർധന ആശങ്കാജനകമാണ്. അന്താരാഷ്ട്ര വിമാനങ്ങൾ കൂടുതലായി വരുന്നതിനാലാണ് കേസ് കൂടിയതെന്ന് ആരോഗ്യമന്ത്രി പറഞ്ഞു. രോഗികളുടെ എണ്ണം കൂടിയ പശ്ചാത്തലത്തിൽ ഡൽഹിയിൽ കഴിഞ്ഞദിവസം കടുത്ത നിയന്ത്രണങ്ങൾ ഏർപ്പെടുത്തിയിരുന്നു.
ഡെൽറ്റയേക്കാൾ വേഗം;
പ്രതിരോധം തകർക്കും
ഒമിക്രോൺ വൈറസിന് ശരീരത്തിന്റെ പ്രതിരോധ സംവിധാനം തകർക്കാനുള്ളശേഷി കൂടുതലാണെന്ന് സർക്കാർ ലാബുകളുടെ കൂട്ടായ്മയായ ഇൻസകോഗ്. ജനിതക ശ്രേണീകരണ പരിശോധന നടന്ന ലാബുകളിലെ ക്ലനിക്കൽ തെളിവിന്റെ അടിസ്ഥാനത്തിലാണ് നിഗമനം. പുതിയ ബുള്ളറ്റിനിലാണ് വിവരമുള്ളത്. ഡെൽറ്റയേക്കാൾ വ്യാപനവേഗം ഒമിക്രോണിനാണ്. മറ്റു വകഭേദങ്ങളെ അപേക്ഷിച്ച് ഗുരുതര സ്ഥിതിയിലേക്ക് രോഗി പോകില്ല. എന്നാൽ, അപകടകാരിയുമാണ്–- ഇൻസകോഗ് അറിയിച്ചു.