ബർലിൻ
ഒമിക്രോൺ, ഡെൽറ്റ വകഭേദങ്ങളെ തുടർന്നുണ്ടാകുന്ന കോവിഡ് “സുനാമി’ ആഗോളതലത്തിൽ ആരോഗ്യസംവിധാനത്തെ തകർക്കുമെന്ന് ലോകാരോഗ്യ സംഘടന. ഒരേസമയം വ്യാപിക്കുന്ന ഡെൽറ്റ, ഒമിക്രോൺ വകഭേദങ്ങൾ ഇരട്ട ഭീഷണി ആണെന്നും ഇത് ആശുപത്രിയിൽ പ്രവേശനവും കോവിഡ് മരണവും വർധിപ്പിക്കുന്നുവെന്നും ഡബ്ല്യുഎച്ച്ഒ തലവൻ ടെഡ്രോസ് അദാനം ഗെബ്രിയേസിസ് പറഞ്ഞു.
ലോകാരോഗ്യ സംഘടനയുടെ പ്രതിവാര റിപ്പോര്‍ട്ടിൽ കഴിഞ്ഞ ആഴ്ച ലോകത്താകെ റിപ്പോര്‍ട്ട് ചെയ്ത വൈറസ് ബാധിതരുടെ എണ്ണത്തില്‍ 11 ശതമാനത്തിലധികം വര്‍ധനയാണ് ഉണ്ടായിട്ടുള്ളത്. ഏറ്റവും കൂടുതൽ അമേരിക്കയിലാണ്. ഡിസംബർ 20- മുതല്‍ 26വരെ ലോകമെമ്പാടും ഏകദേശം 49.9 ലക്ഷം പുതിയ കേസ് റിപ്പോർട്ട് ചെയ്തു. പകുതിയിലധികം യൂറോപ്പിലാണ്–- 28.4 ലക്ഷം.
അമേരിക്കയിലെ പുതിയ കേസുകൾ 39 ശതമാനം വർധിച്ച് ഏകദേശം 14.8 ലക്ഷത്തിലെത്തി. ആഫ്രിക്കയിൽ പുതിയ കേസുകൾ ഏഴു ശതമാനം ഉയർന്ന് 2,75,000 ആയി.