ഒരു കാലത്ത് സെലിബ്രിറ്റിയെന്നാൽ സിനിമാതാരങ്ങളും പാട്ടുകാരുമൊക്കെയായിരുന്നു. ഇപ്പോൾ കയ്‌യിൽ എന്തെങ്കിലും കഴിവുള്ളവർക്കെല്ലാം വിചാരിച്ചാൽ നാലാളറിയുന്ന സെലിബ്രിറ്റിയായി മാറാം ഹ്രസ്വ വീഡിയോ ആപ്പുകളിലൂടെ. രാജ്യത്ത് ടിക് ടോക്ക് തുടങ്ങിവെച്ച ട്രെൻഡാണത്. ടിക് ടോക്ക് താരങ്ങളെന്ന പോലെ, മൊജ് താരങ്ങളും റീൽസ് താരങ്ങളുമെല്ലാം ഇന്ന് സെലിബ്രിറ്റിയാവുന്നു.
പല മേഖലകളിൽ ജോലിയെടുക്കുന്നവരും പഠിക്കുന്നവരുമായ യുവാക്കളുടെ സമാന്തര തൊഴിൽ മേഖലയായും വരുമാനമാർഗവുമായും കരിയറിന്റെ ഭാവി നിർണയിക്കുന്നയിടവുമായുമെല്ലാം ഈ രംഗം അതിവേഗം മാറിക്കഴിഞ്ഞിരിക്കുന്നു. യുവാക്കൾ മാത്രമല്ല എല്ലാ പ്രായത്തിലുള്ളവർക്കും ഇതൊരു അവസരമാണ് താനും.
ജനങ്ങളിൽ സ്വാധീനമുള്ളവർ, ക്രിയേറ്റർമാർ
നിശ്ചിത എണ്ണം ഫോളോവർമാരെ കിട്ടിയാൽ പിന്നെ അവർ ഇൻഫ്ളുവൻസർമാരാണ്, ക്രിയേറ്റർമാരാണ്. ഇന്റർനെറ്റിൽ ഈ രണ്ട് പദവികൾക്കും വലിയ സ്വാധീനമുണ്ട് ഇന്ന്.. ഫോളോവർമാരുമായി നേരിട്ട് ബന്ധമുള്ളവരാണവർ. ആ ഫോളോവർമാരിലേക്ക് നേരിട്ടിറങ്ങാൻ ഇവരിലൂടെ സാധിക്കുമെന്നതിൽ വലിയ വാണിജ്യ സാധ്യതകളാണ് ഹ്രസ്വ വീഡിയോ പ്ലാറ്റ്ഫോമുകളും വ്യവസായ ലോകവും കാണുന്നത്.
ഈ സാധ്യതയാണ് യുവാക്കൾക്ക് മികച്ച അവസരമാവുന്നതും. അഭിനയിക്കാനറിയുന്ന, പാട്ട് പാടാനറിയുന്ന, ചിത്രം വരയ്‍ക്കാനറിയുന്ന, നല്ല തമാശപറയാൻ അറിയുന്ന, പാചകം ചെയ്‌യാനറിയുന്ന, യാത്ര ചെയ്‌യാനും ഭക്ഷണം കഴിക്കാനും ഇഷ്ടമുള്ള, ഫോട്ടോഗ്രഫി അറിയുന്ന, ഫാഷൻ സെൻസുള്ള അങ്ങനെ അനേകമനേകം കഴിവുകൾ ഈ രംഗത്ത് വിജയിച്ചുകയറാനുള്ള യോഗ്യതയാണ്. പ്രത്യേകിച്ച് കഴിവുകളില്ലെങ്കിലും നാലാളെ ആകർഷിക്കുന്ന എന്തെങ്കിലും നിങ്ങളിലുണ്ടെങ്കിൽ അത് കണ്ടെത്താനുള്ള ശേഷിയും ഈ പ്ലാറ്റ്ഫോമുകൾക്കുണ്ട്.
സിനിമയിലേക്കുള്ള ചവിട്ടുപടിയായും വരുമാന സ്രോതസായും ഹ്രസ്വവീഡിയോ ആപ്പുകൾ മാറുമ്പോൾ
പണ്ട് സ്കൂൾ കലോത്സവങ്ങളിൽ തിളങ്ങുന്ന താരങ്ങൾക്ക് സിനിമാതാരമാകാനുള്ള ഭാഗ്യം ലഭിക്കാറുണ്ട്. കാസ്റ്റിങ് കോളുകൾ കണ്ട് നിരന്തരം ഓഡിഷനുകൾ കയറിയിറങ്ങി കഴിവു തെളിയിക്കാൻ പാടുപെട്ട് സമയം പാഴായ കാലവും പലർക്കുമുണ്ട്. എന്നാൽ ഇന്ന് ആകെ മാറിയിരിക്കുന്നു.
സിനിമാക്കാർ പോലും താരങ്ങളെ തിരയുന്നത് റീൽസ്, മൊജ്, ജോഷ് പോലുള്ള ക്രിയേറ്റീവ് പ്ലാറ്റ്ഫോമുകളിലാണ് എന്ന സ്ഥിതി എത്തിയിരിക്കുന്നു. പഠിക്കുന്നതിനും നല്ലൊരു ജോലി നേടുന്നതിനുമൊപ്പം തന്നെ തങ്ങളുടെ ആഗ്രഹമായ അഭിനയമികവ് പ്രദർശിപ്പിക്കാൻ ഇത്തരം പ്ലാറ്റ്ഫോമുകൾ അവർക്ക് അവസരം ഒരുക്കുകയാണ്. ഒപ്പം സമാന്തര വരുമാനമാർഗമായും അത് മാറുന്നു.
തൃശൂർ സ്വദേശിയായ 25 കാരൻ അമൽദേവ് അമൽ മൊജ് പ്ലാറ്റ്ഫോമിലെ സാന്നിധ്യത്തിലൂടെ സിനിമയിൽ ചെറുതെങ്കിലും അവസരങ്ങൾ ലഭിച്ചയാളാണ്. നിർമാണ ജോലികൾ നടക്കുന്ന ആദം സമറിന്റെ സീൻ നമ്പർ 62, ഷിബു ഗംഗാധരന്റെ ലവ് ലോക്ക് തുടങ്ങിയ സിനിമകളിലാണ് അമലിന് അവസരം ലഭിച്ചത്.
ഓട്ടോ ഡ്രൈവറായി ജോലി ചെയ്തിരുന്ന സജിത്ത് ശിവൻ എന്ന 23 കാരന് ജിബു ജേക്കബ് സംവിധാനം ചെയ്ത എല്ലാം ശരിയാകും എന്ന സിനിമയിൽ അവസരം ലഭിച്ചതും മൊജിലെ സ്ഥിര സാന്നിധ്യമായതുകൊണ്ടുതന്നെ. ഓട്ടോ കാരനായും, ചെണ്ടക്കാരനായും ജീവിത വരുമാനത്തിന് വേണ്ടിയുള്ള ഓട്ടത്തിനിടെ തയ്‌യാറാക്കിയ വീഡിയോകൾ കണ്ട ഒരു സഹസംവിധായകനാണ് സജിത്തിനെ സിനിമയിലേക്ക് ക്ഷണിച്ചത്.
ബോളിവുഡ് താരം ഐശ്വര്യ റായിയുമായി രൂപ സാദൃശ്യമുണ്ടെന്ന പേരിൽ രാജ്യ വ്യാപകമായി ശ്രദ്ധ ലഭിച്ച താരമാണ് അമ്മുസ് അമൃത (Ammuzz_amrutha). ലിപ് സിങ്കിങ് വീഡിയോകളാണ് അമൃത ചെയ്തിരുന്നത്. മൊജിൽ 40 ലക്ഷത്തിലേറെ ഫോളോവർമാരാണ് അമൃതയ്‍ക്കുള്ളത്. ഇൻസ്റ്റാഗ്രാമിൽ 5 ലക്ഷം ഫോളോവർമാരുണ്ട് അമൃതയ്‍ക്ക്.
ഫുക്രു എന്ന പേരിൽ അറിയപ്പെടുന്ന കൃഷ്ണജീവ് എന്ന 26 കാരൻ ബിഗ്ബോസ് പോലുള്ള റിയാലിറ്റി ഷോയിൽ അവസരം ലഭിച്ചതും സിനിമയിൽ അവസരം ലഭിച്ചതും റീൽസിലും, ടിക് ടോക്കിലും ലഭിച്ച സ്വീകാര്യതയെ തുടർന്നാണ്.
വലിയ മാധ്യമ ശ്രദ്ധ ലഭിച്ചിട്ടില്ലെങ്കിലും ദശലക്ഷക്കണക്കിന് ഫോളോവർമാരുള്ള നിരവധി ക്രിയേറ്റർമാർ നമുക്കിടയിലുണ്ട്. വിവിധ ബ്രാൻഡുകളെയും, അവരുടെ ഉൽപന്നങ്ങൾ തങ്ങളുടെ ഫോളോവർമാരുമായി പങ്കുവെച്ചും വലിയൊരു തുക വരുമാനമുണ്ടാക്കാൻ അവർക്ക് സാധിക്കുന്നു.