ന്യൂഡല്ഹി> ഇപിഎഫ് അക്കൗണ്ടില് നോമിനിയെ ചേര്ക്കേണ്ടതിനുള്ള സമയം അവസാനിക്കാരിക്കെ വ്യാപക പരാതിയുമായി ഉപഭോക്താക്കള്. ഡിസംബര് 31 നാണ് നോമിനിയെ ചേര്ക്കാനുള്ള അവസാന തീയതി എന്നിരിക്കെ ഇപിഎഫ്ഒ പോര്ട്ടല് വഴി ഇതിന്
കഴിയുന്നില്ലെന്ന വ്യാപക പരാതിയാണ് അംഗങ്ങള് ഉയര്ത്തുന്നത്.
ട്വിറ്ററടക്കമുള്ള സമൂഹമാധ്യമങ്ങളില് വലിയ തോതില് വിമര്ശനമുയര്ന്ന് കഴിഞ്ഞു. നോമിനി ഫയലിംഗില് നിരന്തരം തടസം നേരിടുകയാണെന്നും ഇറര് സന്ദേശമാണ് ലഭിക്കുന്നതെന്നും ഉപഭോക്താക്കള് പറയുന്നു. നിശ്ചിത സമയത്തിനുള്ളില് നോമിനിയെ ചേര്ക്കാതിരുന്നാലുണ്ടാകുന്ന പ്രശ്നങ്ങള് മൂലം ജീവനക്കാര് ആശങ്കയിലായിരിക്കുകയാണ്.
അടുത്ത മാസം മുതല് പുതിയ നിയമം വരുന്നതിന്റെ അടിസ്ഥാനത്തിലാണ് ഡിസംബര് 31- ഓടെ എല്ലാവരും നോമിനിയെ ചേര്ക്കണമെന്ന കേന്ദ്ര നിര്ദ്ദേശം വന്നത്. ആനുകൂല്യങ്ങള് നഷ്ടപ്പെടാതിരിക്കണമെങ്കില് ഡിസംബര് 31നകം ഓണ്ലെനായി ഇപിഎഫ്ഒ അക്കൗണ്ടില് നോമിനിയെ ചേര്ക്കണമെന്ന നിര്ദ്ദേശമാണ് കേന്ദ്രം പുറപ്പെടുവിച്ചത്.