ന്യൂഡൽഹി
ക്രിസ്മസിനോടനുബന്ധിച്ച് വിവിധ സംസ്ഥാനങ്ങളില്‍ ക്രിസ്ത്യൻപള്ളികൾക്കുനേരെ തീവ്രഹിന്ദുത്വ സംഘടനകൾ നടത്തിയ ആക്രമണങ്ങൾ ആസൂത്രിതം. ഈ വര്‍ഷം ഇതുവരെ 21 സംസ്ഥാനത്ത് ക്രിസ്ത്യൻ സമുദായത്തിനുനേരെ മുന്നൂറോളം ആക്രമണമുണ്ടായതായി അസോസിയേഷൻ ഓഫ് പ്രൊട്ടക്ഷൻ സിവിൽ റൈറ്റ്സിന്റെ റിപ്പോർട്ടിൽ പറയുന്നു. മതപരിവർത്തനം ആരോപിച്ചാണ് അതിക്രമം. ഒക്ടോബറിൽ ഫ്രാൻസിസ് മാർപാപ്പയെ പ്രധാനമന്ത്രി നരേന്ദ്ര മോദി ഇന്ത്യയിലേക്ക് ക്ഷണിച്ചിരുന്നു. എന്നാൽ, ബിജെപി ഭരിക്കുന്ന സംസ്ഥാനങ്ങളിൽ ക്രിസ്ത്യൻ പള്ളികൾക്കും വിശ്വാസികൾക്കും എതിരായ കടന്നാക്രമങ്ങൾ പ്രതിരോധിക്കാൻ കേന്ദ്രം ഇതുവരെ ഇടപെട്ടിട്ടില്ല.
വടക്കുകിഴക്കൻ മേഖലയിലെ അതിർത്തി ജില്ലകളിലും മറ്റും അനധികൃത കുടിയേറ്റവും മതപരിവർത്തനവും ജനസംഖ്യാസമവാക്യം മാറ്റിമറിക്കുന്നെന്ന് ഒക്ടോബർ 14ന് ആർഎസ്എസ് തലവൻ മോഹൻഭാഗവത് പ്രസംഗിച്ചു. മതം വിട്ടുപോയവരെ മുഴുവൻ തിരിച്ചുകൊണ്ടുവരണമെന്ന് കഴിഞ്ഞ ആഴ്ച ചിത്രകൂടത്ത് ഹിന്ദുഏകതാമഹാകുംഭത്തില് ഭാഗവത് പറഞ്ഞു.
ബിജെപി എംഎൽഎമാരും എംപിമാരും നേതാക്കളും ക്രിസ്ത്യൻ മിഷണറിമാർക്കും സ്ഥാപനങ്ങൾക്കും എതിരെ നിരന്തരം രംഗത്തെത്തുന്നു.
ഡൽഹി ദ്വാരകയിൽ പള്ളി ആക്രമിക്കപ്പെട്ടു. മധ്യപ്രദേശിലെ വിദിഷയിലെ ഗഞ്ജ്ബസോഡയിലെ സെന്റ്ജോസഫ് സ്കൂൾ ബജ്രംഗദളുകാർ അടിച്ചുതകർത്തു. കർണാടകത്തിലെ കോളാറിൽ ക്രിസ്ത്യൻ വിഭാഗക്കാരെ വീടുകയറി ആക്രമിച്ചു. ക്രിസ്മസ് അടുത്തതോടെ ഉത്തർപ്രദേശ്, ഹരിയാന, മധ്യപ്രദേശ്, അസം, കർണാടക തുടങ്ങിയ സംസ്ഥാനങ്ങളിൽ തീവ്രഹിന്ദുത്വ സംഘടനകൾ അഴിഞ്ഞാടി. പള്ളികൾ ആക്രമിക്കപ്പെട്ടു. സ്കൂളുകളിലടക്കം ക്രിസ്മസ് പരിപാടികൾ തടസ്സപ്പെടുത്തി.