ന്യൂഡൽഹി
നീറ്റ് പിജി കൗൺസലിങ് വേഗത്തിൽ പൂർത്തിയാക്കണമെന്ന് ആവശ്യപ്പെട്ട് ഡൽഹിയിൽ റസിഡന്റ് ഡോക്ടർമാരുടെ നേതൃത്വത്തിൽ പ്രതിഷേധം. നൂറുകണക്കിന് ഡോക്ടർമാർ ഷഹീദ് പാർക്കിൽനിന്ന് സുപ്രീംകോടതിയിലേക്ക് മാർച്ച് നടത്തി. ഐടിഒക്ക് സമീപം പൊലീസ് തടഞ്ഞു. ഫെഡറേഷൻ ഓഫ് റസിഡന്റ് ഡോക്ടർ അസോസിയേഷൻ (എഫ്ഒആർഡിഎ) നേതൃത്വത്തിൽ 10 ദിവസമായി പ്രക്ഷോഭം തുടരുകയാണ്. രാജസ്ഥാൻ, ഉത്തർപ്രദേശ്, പഞ്ചാബ്, ഹരിയാന, മധ്യപ്രദേശ് തുടങ്ങിയ സംസ്ഥാനങ്ങളിൽനിന്ന് എത്തിയ ഡോക്ടർമാരും സമരത്തിലുണ്ട്. ഉടൻ പ്രശ്നം പരിഹരിച്ചില്ലെങ്കിൽ കൂട്ടരാജിയുണ്ടാകുമെന്ന് ഡോക്ടർമാർ മുന്നറിയിപ്പുനൽകി.
നീറ്റ് അഖിലേന്ത്യാ ക്വോട്ടയിൽ സാമ്പത്തികമായി പിന്നോക്കമായ മുന്നോക്കവിഭാഗക്കാർക്കും പിന്നോക്കവിഭാഗക്കാർക്കും സംവരണം അനുവദിച്ച കേന്ദ്ര സർക്കാർ വിജ്ഞാപനത്തിന് എതിരായ ഹർജികൾ സുപ്രീംകോടതിയുടെ പരിഗണനയിലാണ്. കോടതി അന്തിമ ഉത്തരവ് പുറപ്പെടുവിക്കുംവരെ നീറ്റ് പിജി കൗൺസലിങ് നടത്തില്ലെന്ന് കേന്ദ്രം സുപ്രീംകോടതിയിൽ അറിയിച്ചിട്ടുണ്ട്. എത്രയുംവേഗം സുപ്രീംകോടതി ഉത്തരവിടണമെന്നും കൗൺസലിങ് വേഗത്തിൽ പൂർത്തിയാക്കണമെന്നും ആവശ്യപ്പെട്ടാണ് സമരം. ഒമിക്രോൺ പശ്ചാത്തലത്തിൽ ഡോക്ടർമാർ സമരം തുടർന്നാൽ ഡൽഹിയിൽ ഉൾപ്പെടെ വലിയ ഭവിഷ്യത്തുകൾ ഉണ്ടാകുമെന്ന ആശങ്കയും ശക്തമായിട്ടുണ്ട്.