കൊൽക്കത്ത
മദർ തെരേസ സ്ഥാപിച്ച മിഷണറീസ് ഓഫ് ചാരിറ്റിയുടെ ബാങ്ക് അക്കൗണ്ടുകൾ മരവിപ്പിച്ച കേന്ദ്രസർക്കാർ നടപടി ദരിദ്രരില്‍ ദരിദ്രരായവര്‍ക്കുള്ള ക്രൂരമായ ക്രിസ്മസ് സമ്മാനമായിപ്പോയെന്ന് കൊൽക്കത്ത അതിരൂപതാ വികാരി ജനറൽ ഫാദർ ഡൊമിനിക് ഗോമസ് പറഞ്ഞു. കുഷ്ഠരോഗികളും അശരണരും അടക്കമുള്ള ആയിരങ്ങളെയാണ് സ്ഥാപനം സഹായിക്കുന്നത്. ക്രിസ്ത്യന്‍ സമുദായത്തിനും സ്ഥാപനങ്ങള്‍ക്കും നേരെയുള്ള ആക്രമണങ്ങളെ പരോക്ഷമായി ന്യായീകരിക്കുന്ന നടപടിയാണിതെന്നും ഫാ. ഡൊമിനിക് ഗോമസ് പറഞ്ഞു.
വിദേശസംഭാവന നിയന്ത്രണ നിയമം (എഫ്സിആര്‍എ) അനുസരിച്ച് ഫണ്ട് സ്വീകരിക്കുന്നതിനുള്ള അനുമതി പുതുക്കാനുള്ള സ്ഥാപനത്തിന്റെ അപേക്ഷ തള്ളിയെന്നും അതിന്റെ ഭാഗമാണ് നടപടിയെന്നുമാണ് ആഭ്യന്തര മന്ത്രാലയത്തിന്റെ നിലപാട്. യോഗ്യതാ വ്യവസ്ഥ പാലിക്കാന്‍ സ്ഥാപനത്തിനായിട്ടില്ലെന്നും മന്ത്രാലയം പ്രസ്താവന ഇറക്കി.
പെൺകുട്ടികളെ കുരിശ് ധരിക്കാനും ബൈബിൾ വായിക്കാനും നിർബന്ധിച്ചെന്ന് ആരോപിച്ച് രണ്ടാഴ്ചമുമ്പ് മിഷണറീസ് ഓഫ് ചാരിറ്റിയുടെ ഗുജറാത്തിലെ അഭയകേന്ദ്രത്തില്‍ പൊലീസ് പരിശോധന നടത്തിയിരുന്നു. കേന്ദ്രത്തിന്റെ നടപടി ഞെട്ടിച്ചെന്ന് ബംഗാൾ മുഖ്യമന്ത്രി മമത ബാനർജി ട്വീറ്റ് ചെയ്തു.