ന്യൂഡൽഹി
നിയമസഭാ തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്ന ഉത്തർപ്രദേശിൽ ബ്രാഹ്മണ വോട്ടുകൾ ആകർഷിക്കാൻ പ്രത്യേക സമിതി രൂപീകരിച്ച് ബിജെപി. യുപിയിൽ 17 ശതമാനത്തോളം ബ്രാഹ്മണ വോട്ടർമാരുണ്ട്. ബിഎസ്പിയിൽ ആയിരുന്ന നിരവധി ബ്രാഹ്മണനേതാക്കൾ അടുത്തിടെ സമാജ്വാദി പാർടിയിലേക്ക് മാറിയിരുന്നു. മുഖ്യമന്ത്രി യോഗി ആദിത്യനാഥിനോടും ബിജെപിയോടും കടുത്ത അതൃപ്തി ബ്രാഹ്മണർക്ക് ഉണ്ടെന്ന വിലയിരുത്തലിലാണ് പ്രത്യേക സമിതി. യോഗിക്ക് ഠാക്കൂർ വിഭാഗത്തോടാണ് മമതയെന്നാണ് ബ്രാഹ്മണ നേതാക്കളുടെ ആക്ഷേപം. മുൻ കേന്ദ്രമന്ത്രിമാരായ ശിവ്പ്രതാപ് ശുക്ല, മഹേഷ് ശർമ, ബിജെപി നേതാവ് അഭിജാത് മിശ്ര, മുൻ ദേശീയ സെക്രട്ടറി രാംഭായ് മൊകാരിയ എന്നിവരാണ് സമിതി അംഗങ്ങൾ.
ലഖിംപുർ ഖേരിയിൽ കർഷകരെ വാഹനം കയറ്റി കൊലപ്പെടുത്തിയ സംഭവത്തിൽ ഉൾപ്പെട്ട കേന്ദ്രമന്ത്രി അജയ് മിശ്രയെ അനുനയിപ്പിച്ചു നിർത്താനും നേതാക്കൾക്കിടയിൽ ധാരണയായിട്ടുണ്ട്. ബ്രാഹ്മണ വിഭാഗത്തിൽനിന്നുള്ള അജയ് മിശ്രയെ അദ്ദേഹത്തിന് സ്വാധീനമുള്ള സ്ഥലങ്ങളിൽ സജീവമാക്കും.