കൊച്ചി
കിറ്റെക്സ് ലേബർ ക്യാമ്പിലെ തൊഴിലാളികൾ ഒമ്പതുവർഷംമുമ്പ് നാട്ടുകാരെ ആക്രമിച്ചത് കമ്പനിക്കുവേണ്ടി. 2012ൽ കമ്പനിയുടെ മലിനീകരണത്തിനെതിരെ റോഡിൽ ബോർഡ് സ്ഥാപിക്കുന്നതിനിടയിൽ അതിഥിത്തൊഴിലാളികളും എംഡിയുടെ സുരക്ഷാസേനയിലെ ജീവനക്കാരും വന്ന് നാട്ടുകാരെ ആക്രമിക്കുകയായിരുന്നു. നാട്ടുകാർ കൂടുതൽ ആളുകളെ വിളിച്ചതോടെ ഇവർ കമ്പനിയിലേക്കു മടങ്ങി. അന്ന് യുഡിഎഫ് ഭരണത്തിൽ കുന്നത്തുനാട് പൊലീസ് ഒരു കേസ് കമ്പനിക്കെതിരെയും 24 കേസ് നാട്ടുകാർക്കെതിരെയും എടുത്തു.
ജനങ്ങളുടെ പ്രതിഷേധം തണുപ്പിക്കാനാണ് 2013ൽ ട്വന്റി–-20 ചാരിറ്റബിൾ സൊസൈറ്റിയായി രജിസ്റ്റർ ചെയ്ത് നാമമാത്ര സൗജന്യങ്ങൾ നൽകിയത്. 2014ൽ രാഷ്ട്രീയപാർടിയായപ്പോൾ പൊതുയോഗത്തിന് എംഡിയെത്തുക അകമ്പടിവാഹനങ്ങളിൽ സുരക്ഷാസേനയും അതിഥിത്തൊഴിലാളികളുമായാണ്.
വൃത്തിയില്ലാത്ത അന്തരീക്ഷവും മതിയായ വേതനമില്ലായ്മയും ഇതിനൊപ്പം ലഹരി ഉപയോഗംകൂടിയായതിനാൽ ഏതുനിമിഷവും ആക്രമമുണ്ടാകാവുന്ന സാഹചര്യമാണ് ക്യാമ്പുകളിൽ. കമ്പനിയിലെ പതിനായിരത്തിലധികം തൊഴിലാളികളിൽ ആറായിരത്തിലധികവും ലേബർ ക്യാമ്പുകളിലാണ്. തകരഷീറ്റുകൊണ്ട് മറച്ച കുടുസ്സുമുറിയിൽ 10 പേർവീതമാണ് താമസം. നാട്ടിൽ പോകാൻ അനുമതിയില്ല. വേതനം ലഭിക്കാത്തതിന്റെ പേരിൽ മാനേജ്മെന്റുമായി തർക്കമുണ്ടാകുക പതിവാണ്. ഒക്ടോബർ 30ന് ഇത്തരമൊരു തർക്കം ചിത്രീകരിക്കാൻ ശ്രമിച്ച നാട്ടുകാരെ മാനേജ്മെന്റ് പ്രതിനിധി ഭീഷണിപ്പെടുത്തി.
കോവിഡ് കാലത്ത് തൊഴിൽവകുപ്പ് പരിശോധനയിൽ, ഏതുസമയവും രോഗം പടരാൻ സാധ്യതയുണ്ടെന്ന് കണ്ടെത്തിയിരുന്നു. എന്നാൽ പരിശോധനയ്ക്കെത്തുന്ന ഉദ്യോഗസ്ഥരെ തടയുക, വ്യവസായം തകർക്കാനാണ് പരിശോധനയെന്ന് പ്രചാരണം നടത്തുക എന്നിവയാണ് എന്നും കമ്പനിയുടെ രീതി.
പ്രതികൾ മണിപ്പുർ, ജാർഖണ്ഡ്, അസം, യുപി സ്വദേശികൾ
കിറ്റെക്സ് കമ്പനി ലേബർ ക്യാമ്പിൽ പൊലീസുകാരെ കൊല്ലാൻ ശ്രമിച്ച കേസിൽ റിമാൻഡിലായ തൊഴിലാളികളിൽ ഭൂരിഭാഗവും മണിപ്പുർ, ജാർഖണ്ഡ്, അസം സ്വദേശികൾ. മണിപ്പുരികളായ ടി എച്ച് ഗുൽഷൻ സിങ്, ഹെൻജാക്കുപ് കോം, മൈരെമ്പാം ബോയിച്ചാ സിങ്, കുമിയോ കാൻ ക്രുങ്, മരിങ്ടേം സനാടോമ്പ സിങ്, അസം സ്വദേശികളായ അഷിം റോയി, ദിഗന്ത സാഹ, ബിദാസേങ് കോലാർ, ഏലിയാസ് ബറുവ, പൗലുഷ് കാൽക്കോ, കെലോൺ മരാക്ക്, കരാമ കാദിയ, റജിബ് ഉരങ്, യുപിക്കാരായ അജേഷ്, രമേശ് കുമാർ, ബിഹാറുകാരൻ രവി കിസ്കു, ജാർഖണ്ഡുകാരായ ലൂയിസ് ഹെംറോൻ, ബിനോദ് മര്യ, സോനുടുഡു, ടാലു മർമു, ഇമിൽ സാൻസി, ബെറ്റക്ക ഹെബ്രോൺ, രവിടുഡു, ബംഗാളുകാരായ ജയന്ത് ഹസ്ദ, വിനോദ് ഹൻസ്ദ എന്നിവരാണ് എസ്എച്ച്ഒയെ ആക്രമിക്കുകയും പൊലീസ് വാഹനങ്ങൾ തകർക്കുകയും ചെയ്ത കേസിൽ റിമാൻഡിലായ ആദ്യ 25 പേർ. പെരുമ്പാവൂർ എഎസ്പി അനുജ് പലിവാലിന്റെ നേതൃത്വത്തിലുള്ള സംഘമാണ് കേസ് അന്വേഷിക്കുന്നത്.
ജീപ്പ് കത്തിച്ചത്
സിമ്പിളായെന്ന്
സാബു
കിറ്റെക്സിൽ തൊഴിലാളികൾ പൊലീസ് ജീപ്പ് കത്തിച്ചത് വളരെ സിമ്പിളായ പരിപാടിയാണെന്ന് കമ്പനി എംഡി സാബു എം ജേക്കബ് പറഞ്ഞു. സ്ഫോടകവസ്തുക്കളൊന്നും ഉപയോഗിച്ചിട്ടില്ല. വാഹനത്തിന്റെ ബോണറ്റ് തുറന്ന് ഡീസൽ പൈപ്പ് വലിച്ച് തീയിട്ട് വളരെ നിസ്സാരമായാണ് കൃത്യം നടത്തിയത്. സീറ്റിലാണ് ആദ്യം തീകൊളുത്തിയത്. തീ കത്തിയപ്പോൾ അഗ്നിശമനസേന വന്ന് കെടുത്താമായിരുന്നു. പ്രതികളുടെ പട്ടിക തങ്ങൾ തയ്യാറാക്കിയിട്ടുണ്ട്. കേസിൽ 23 പേർമാത്രമാണ് കുറ്റക്കാരെന്നും സാബു പറഞ്ഞു.
കിറ്റെക്സിലെ സംഘർഷത്തിന്റെ ഉത്തരവാദിത്വം തൊഴിലാളികളുടെ തലയിലിട്ട് രക്ഷപ്പെടാനുള്ള എംഡിയുടെ ശ്രമത്തിനെതിരെ നാട്ടുകാർ പ്രതികരിക്കുന്നു.
സിനിമാരംഗങ്ങൾക്ക്
സമാനം
സിനിമകളിൽമാത്രം കണ്ടുപരിചയമുള്ള സംഭവങ്ങളാണ് നടന്നത്. പ്രതികരിക്കുന്നവരെ ഒറ്റപ്പെടുത്തുകയാണ് കമ്പനിയുടെ നയം. ട്വന്റി––20യെ ഇതിനായി ഉപയോഗിക്കും. കമ്പനിയിൽനിന്ന് മാലിന്യം തള്ളുന്നതിനെതിരെ സമൂഹമാധ്യമങ്ങളിൽ പ്രതികരിച്ചതിന് കുടുംബത്തെയടക്കം ഒറ്റപ്പെടുത്തി. ട്വന്റി–-20 ഇടപെട്ട് ജോലി കളഞ്ഞു. തൊഴിലാളികളെ വിട്ട് ഭീഷണിപ്പെടുത്തി
തൊഴിലാളികൾ എന്ന പേരിൽ ഗുണ്ടകൾ
തൊഴിലാളികൾ എന്ന പേരിൽ ഗുണ്ടകളെയാണ് ലേബർ ക്യാമ്പുകളിൽ താമസിപ്പിച്ചിരിക്കുന്നത്. ചൂരക്കോട്, ചേലക്കുളം, തൈക്കാവ് ഭാഗങ്ങളിലായി മയക്കുമരുന്ന് മാഫിയകൾ പെരുകുന്നത് ഇവർക്കുവേണ്ടിയാണ്. ഇത് അറിഞ്ഞിട്ടും കമ്പനി ഇടപെട്ടിട്ടില്ല. തൊഴിലാളികൾ തമ്മിൽ പലതവണ സംഘർഷമുണ്ടായി. തൈക്കാവ് ചൂരക്കോട് റോഡിലൂടെ രാത്രി സഞ്ചരിക്കാൻ കഴിയില്ല.