ന്യൂഡൽഹി
കാർഷികനിയമങ്ങൾ വീണ്ടും കൊണ്ടുവരുമെന്ന് കൃഷിമന്ത്രി നരേന്ദ്രസിങ് തോമർ നാഗ്പുരിൽ നടത്തിയ പ്രസ്താവന കർഷകരും തൊഴിലാളികളുമടക്കമുള്ള രാജ്യത്തെ ജനങ്ങളോടുള്ള വെല്ലുവിളിയാണെന്ന് അഖിലേന്ത്യ കിസാൻസഭ പ്രസ്താവനയിൽ പറഞ്ഞു. രാജ്യത്തെയും വിദേശത്തെയും സ്വകാര്യകോർപറേറ്റുകൾക്കും ലോകബാങ്ക്, ലോകവ്യാപാരസംഘടന, ഐഎംഎഫ് ത്രയത്തിനും വേണ്ടിയാണ് മോദിസർക്കാരിന്റെ വെല്ലുവിളി. രാജ്യത്തെ തൊഴിലാളിവർഗവും കർഷകരും ഈ വെല്ലുവിളി ഏറ്റെടുക്കാൻ തയ്യാറാണ്.കോർപറേറ്റുകൾക്കുവേണ്ടി കോർപറേറ്റുകൾ നടത്തുന്ന കോർപറേറ്റുകളുടെ ഭരണത്തെയാണ് മോദിസർക്കാർ പ്രതിനിധാനം ചെയ്യുന്നത്.
കാർഷികനിയമങ്ങൾ പിൻവലിച്ചതോടെ സംയുക്ത കിസാൻമോർച്ച പ്രക്ഷോഭം പിൻവലിച്ചിട്ടില്ല, നിർത്തിവച്ചിട്ടേയുള്ളൂ. നിയമപരമായ മിനിമം താങ്ങുവില നടപ്പാക്കുക, വൈദ്യുതി സ്വകാര്യവൽക്കരണ ബിൽ പിൻവലിക്കുക ഉൾപ്പെടെയുള്ളവയ്ക്കായി പ്രക്ഷോഭം തുടരും. ജനുവരി 15ന് ചേരുന്ന കിസാൻ മോർച്ച യോഗം ഇക്കാര്യത്തിൽ തീരുമാനമെടുക്കും.
കേന്ദ്ര ട്രേഡ് യൂണിയനുകളുടെ സംയുക്തവേദിയുടെ ആഹ്വാനപ്രകാരം ഫെബ്രുവരി 23, 24 തീയതികളിൽ നടക്കുന്ന അഖിലേന്ത്യ പൊതുപണിമുടക്കിന് പിന്തുണ നൽകും. കോർപറേറ്റ് വാഴ്ചയ്ക്കെതിരെ അതിശക്തമായ പ്രക്ഷോഭങ്ങൾ വരുംകാലങ്ങളിൽ രാജ്യമെമ്പാടും അലയടിക്കുമെന്ന് കിസാൻസഭ പ്രസിഡന്റ് ഡോ. അശോക് ധാവ്ളെയും ജനറൽ സെക്രട്ടറി ഹന്നൻ മൊള്ളയും പ്രസ്താവനയിൽ പറഞ്ഞു.