ന്യൂഡൽഹി
ഉത്തർപ്രദേശിൽ നിയമസഭാ തെരഞ്ഞെടുപ്പില്‍ രാമക്ഷേത്രവിഷയം സജീവമാക്കാന്‍ ശ്രമിച്ച് ബിജെപി. അധികാരത്തിൽ തിരിച്ചെത്തിയാൽ അയോധ്യയിലെ ക്ഷേത്രനിർമാണം തടയാമെന്നാണ് എസ്പി നേതാവ് അഖിലേഷ് യാദവ് സ്വപ്നം കാണുന്നതെന്ന് കാസ്ഗഞ്ചിൽ ആഭ്യന്തരമന്ത്രി അമിത് ഷാ പറഞ്ഞു. അഞ്ചുവർഷംകൊണ്ട് യോഗി ആദിത്യനാഥ് ഗുണ്ടകളെ ഇല്ലാതാക്കി. ക്രമസമാധാനം ഉറപ്പുവരുത്തി–- ഷാ പറഞ്ഞു.
ആദിത്യനാഥിന്റെ പ്രചാരണവും വർഗീയതയും അയോധ്യയും ഉയർത്തിയാണ്. എസ്പി ഭരണത്തിൽ പാവപ്പെട്ടവന്റെ പണം ഖബറിസ്ഥാനുകളിലും ഉറുദു പരിഭാഷകരെ നിയമിക്കാനുമൊക്കെയാണ് ചെലവഴിച്ചത്. രാമഭക്തരുടെ സർക്കാർ ഭരിക്കുമ്പോൾ രാമരാജ്യത്തിനായി നിലകൊള്ളും–- ആദിത്യനാഥ് പറഞ്ഞു.