ന്യൂഡൽഹി
ഇരുപത്തിരണ്ട് കർഷകസംഘടന ഒത്തുചേർന്ന് സംയുക്ത സമാജ് മോർച്ച (എസ്എസ്എം) എന്നപേരിൽ മത്സരിക്കാൻ തീരുമാനിച്ചത് പഞ്ചാബ് നിയമസഭാ തെരഞ്ഞെടുപ്പിൽ വൻചലനങ്ങൾ സൃഷ്ടിക്കും. സംസ്ഥാനത്ത് പഞ്ചകോണ മത്സരത്തിനു കളമൊരുങ്ങി. ഇതുവരെയുള്ള സർവേ പ്രകാരം എഎപി, കോൺഗ്രസ്, അകാലിദൾ–-ബിഎസ്പി സഖ്യം, ബിജെപി–- അമരീന്ദർ സിങ്ങിന്റെ പിഎൽസി സഖ്യം എന്നിങ്ങനെയായിരുന്നു ഒന്നുമുതൽ നാലുവരെ സ്ഥാനത്ത്. ഒന്നാം സ്ഥാനത്തിനായി എഎപിയും എസ്എസ്എമ്മും തമ്മിൽ മത്സരിക്കുന്ന സ്ഥിതിയിലേക്ക് കാര്യങ്ങൾ നീങ്ങുകയാണെന്ന് രാഷ്ട്രീയ നിരീക്ഷകർ ചൂണ്ടിക്കാട്ടുന്നു.
ബൽബീർസിങ് രജേവൽ, ഹർമീത് സിങ് ഖ്വാദിയൻ, കുൽവന്ത് സിങ് സന്ധു എന്നിവരുടെ നേതൃത്വത്തിലാണ് കർഷകസംഘടനകൾ ഒത്തുചേർന്നത്. സംയുക്ത കിസാൻ മോർച്ചയുടെ ഭാഗമായ സംഘടനകളാണ് എസ്എസ്എമ്മിലുള്ളത്. രാഷ്ട്രീയ പാർടികളിൽനിന്ന് അകലം പാലിച്ചുനിൽക്കുകയെന്ന സംയുക്ത കിസാൻ മോർച്ചയുടെ നിലപാടിനെ ഇവർ അംഗീകരിക്കുന്നു. അതിനാലാണ് എസ്എസ്എം എന്നപേരിൽ രാഷ്ട്രീയപ്രവേശം നടത്തുന്നത്. കൂടുതൽ സംഘടന എസ്എസ്എമ്മിന്റെ ഭാഗമാകുമെന്ന് രജേവൽ പറഞ്ഞു. എസ്എസ്എമ്മിൽ പങ്കാളിയാകണോയെന്ന് തീരുമാനിക്കാൻ ഭാരതീയ കിസാൻ യൂണിയൻ തിങ്കളാഴ്ച യോഗം ചേരുന്നുണ്ട്. ഒന്നേകാൽ വർഷം നീണ്ട സുസംഘടിത പ്രക്ഷോഭമാണ് പഞ്ചാബിൽ നടന്നത്. പതിനായിരങ്ങൾ അണിനിരന്ന പ്രക്ഷോഭം ഗ്രാമങ്ങളിൽ അതിശക്തമായ സ്വാധീനം ചെലുത്തിയിട്ടുണ്ട്. ഒരു വർഷത്തിലേറെ ഡൽഹി അതിർത്തികളിൽ തമ്പടിച്ച കർഷകർ രാഷ്ട്രീയമായി പക്വതയാർജിച്ചു. ജാതി–-മത വിഭാഗീയത ആളിക്കത്തിക്കാൻ കഴിയാത്ത സ്ഥിതിയായി. സമരത്തിനുശേഷം സിഖ് കമ്മിറ്റി അമൃത്സറിൽ വിളിച്ച യോഗം ശുഷ്കമായി.
മതനിരപേക്ഷ സമരമാണ് നടന്നതെന്ന ബോധം കർഷകരിൽ പ്രകടമാണ്. അകാലിദൾ, ബിജെപി, കോൺഗ്രസ് പാർടികൾക്കാണ് ഇതിന്റെ നഷ്ടം കാര്യമായി നേരിടേണ്ടിവരിക.