നെയ്പിത
കിഴക്കന്‍ മ്യാന്മറില് സംഘര്‍ഷഭരിതമായ കായാഹ് സംസ്ഥാനത്ത് സൈന്യം സ്ത്രീകളും കുട്ടികളുമടക്കം മുപ്പതിലേറെപ്പേരെ കൊന്ന് കത്തിച്ചെന്ന് റിപ്പോര്‍ട്ട്. കായാഹിലെ മോസോ ഗ്രാമത്തില്‍ കത്തിക്കരിഞ്ഞ മൃതദേഹങ്ങള്‍ കണ്ടെത്തിയെന്ന് പ്രാദേശിക മനുഷ്യാവകാശ സംഘടനയെയും താമസക്കാരെയും ഉദ്ധരിച്ച് അന്താരാഷ്ട്ര മാധ്യമങ്ങള്‍ റിപ്പോര്‍ട്ട് ചെയ്തു. കത്തിക്കരിഞ്ഞ വാഹനങ്ങളുടെയടക്കം ചിത്രങ്ങളും പങ്കുവച്ചു. മേഖലയില്‍ ആയുധങ്ങളുമായി വാഹനങ്ങളിൽ എത്തിയ കുറേ തീവ്രവാദികളെ വെടിവച്ചുകൊന്നതായി മ്യാന്മര് സൈന്യം പ്രതികരിച്ചു.
കരേന്‍ നാഷണല്‍ യൂണിയന് (കെഎന്‍യു) എന്ന സായുധസംഘവും സൈന്യവും മേഖലയില്‍ ശക്തമായ ഏറ്റുമുട്ടലിലാണ്. കെഎന്‍യു നിയന്ത്രിക്കുന്ന മേഖലയില്‍ കഴിഞ്ഞയാഴ്ച സൈന്യം വ്യോമാക്രണം നടത്തി. രാജ്യത്തിന്റെ മറ്റു മേഖലകളിലും സായുധസംഘങ്ങളും സൈന്യവും തമ്മില്‍ ഏറ്റുമുട്ടലിലാണ്. ഓങ് സാന്‍ സുകിയുടെ നേതൃത്വത്തിലുള്ള ജനാധിപത്യ സര്‍ക്കാരിനെ അട്ടിമറിച്ച് ഫെബ്രുവരി ഒന്നിനാണ് സൈന്യം മ്യാന്മറിന്റെ അധികാരം പിടിച്ചെടുത്തത്.