ന്യൂഡൽഹി
ടെലികോം, ഇന്റർനെറ്റ് സേവനദാതാക്കൾ ഫോൺ വിളിവിവരം (കോൾ ഡീറ്റെയിൽ റെക്കോഡ്–-സിഡിആർ) രണ്ടു വർഷത്തേക്ക് സൂക്ഷിക്കണമെന്ന് ടെലികോം വകുപ്പ് (ഡിഒടി) ഉത്തരവ്. സുരക്ഷാ കാരണത്താൽ സിഡിആർ രണ്ടു വർഷത്തേക്ക് സൂക്ഷിക്കണമെന്ന വ്യവസ്ഥ ഉൾപ്പെടുത്തി യൂണിഫൈഡ് ലൈസൻസ് എഗ്രിമെന്റ് ഡിഒടി ഭേദഗതി ചെയ്തു.
നിലവിൽ ഒരുവർഷമാണ് സൂക്ഷിക്കുന്നത്. പല കേസിലും അന്വേഷണം ഒരു വർഷത്തിനപ്പുറത്തേക്ക് നീളുന്നതിനാൽ സിഡിആർ കൂടുതൽ കാലത്തേക്ക് സൂക്ഷിക്കണമെന്ന വിവിധ ഏജൻസികളുടെ ആവശ്യം പരിഗണിച്ചാണ് നടപടി.
ആര് ആരെയൊക്കെ വിളിച്ചു, ഏത് നമ്പരിലേക്ക് വിളിച്ചു, ഏത് നമ്പരിൽനിന്നും വിളി വന്നു, തീയതി, സമയം, ദൈർഘ്യം എന്നിവയാണ് സിഡിആർ. എവിടെനിന്നാണ് വിളിച്ചതെന്ന വിവരവും ശേഖരിക്കും. എസ്എംഎസ് വിവരവും സൂക്ഷിക്കും. ഇന്റർനെറ്റ് വഴിയുള്ള ഫോൺ വിളിയുടെ വിവരങ്ങളും ഐപി വിവരങ്ങളും രണ്ടുവർഷം സൂക്ഷിക്കണം. കേന്ദ്ര, സംസ്ഥാന നിയമപരിപാലന ഏജൻസികൾക്ക് കേസുകളുമായി ബന്ധപ്പെട്ട് അനുമതികൾക്കും ഉപാധികൾക്കും വിധേയമായി ഇത് പരിശോധിക്കാം. എന്നാൽ, ഇപ്പോൾ ഒന്നരവർഷംവരെ സിഡിആർ സൂക്ഷിക്കാറുണ്ടെന്ന് ചില മൊബൈൽ സേവനദാതാക്കൾ അറിയിച്ചു.
സുരക്ഷ, നിയമ വിഷയങ്ങളുമായി ബന്ധപ്പെട്ടുള്ള വിവരങ്ങൾ മാത്രമേ ശേഖരിക്കുകയുള്ളൂവെന്നും വ്യക്തി വിവരങ്ങൾ ശേഖരിക്കില്ലെന്നും ടെലികോം വകുപ്പ് പ്രസ്താവനയിൽ പറഞ്ഞു.