ന്യൂഡൽഹി
ക്രിസ്മസ് ദിനത്തിനും അതിനു മുന്നോടിയായും രാജ്യത്തിന്റെ വിവിധ ഭാഗത്ത് സംഘപരിവാറുകാരുടെ നേതൃത്വത്തിൽ ക്രിസ്ത്യൻ സമുദായങ്ങൾക്കുനേരെ വ്യാപക ആക്രമണങ്ങളുണ്ടായി. പലയിടത്തും പള്ളികൾ ആക്രമിക്കുകയും ക്രിസ്മസ് ആഘോഷങ്ങൾ തടസ്സപ്പെടുത്തുകയും ചെയ്തു.
ഉത്തർപ്രദേശ്
വെള്ളി രാത്രി സംഘപരിവാറുകാർ “സാന്താക്ലോസ് മൂർദാബാദ്” എന്ന് ആക്രോശിച്ചുകൊണ്ട് ആഗ്രയിൽ സാന്താക്ലോസിന്റെ കോലംകത്തിച്ചു.
വാരാണസിയിലെ ചന്ദ്മാരി ജില്ലയിലെ ഒരു ആശ്രമത്തിൽ ക്രിസ്മസ് പരിപാടി നടക്കുന്നതിനിടെ സംഘപരിവാറുകാർ കാവിക്കൊടിയുമായി അതിക്രമിച്ചു കയറി. മതപരിവർത്തനം നടത്തുന്നെന്ന് ആരോപിച്ച് സംഘം ജയ്ശ്രീറാം മുഴക്കിയാണ് കയറിയത്.
ഹരിയാന
അംബാലയിൽ ഞായർ ഉച്ചയ്ക്ക് അജ്ഞാതസംഘം ബ്രിട്ടീഷ് കാലത്ത് നിർമിച്ച ഹോളി റിഡീമർ പള്ളി ആക്രമിച്ച് യേശു ക്രിസ്തുവിന്റെ പ്രതിമ തകർത്തു. അക്രമികളെ തിരിച്ചറിഞ്ഞിട്ടില്ല.പൊലീസ് സിസിടിവി ദൃശ്യങ്ങൾ പരിശോധിച്ചുവരികയാണ്.ഉച്ചയ്ക്ക് 12.30ന് രണ്ടുപേർ മതിൽ ചാടിക്കടക്കുന്ന ദൃശ്യങ്ങൾ പൊലീസിനു ലഭിച്ചിട്ടുണ്ട്. ഇരുവരും പള്ളിയിൽ കയറി വൈദ്യുത ഉപകരണങ്ങൾ നശിപ്പിച്ചെന്ന് വൈദികൻ പറഞ്ഞു.
കുരുക്ഷേത്രയിൽ, ‘ജയ് ശ്രീറാം’ മുഴക്കി സംഘപരിവാറുകാർ പള്ളിയിലെ ക്രിസ്മസ് ആഘോഷം തടസ്സപ്പെടുത്തി. പള്ളിയിൽ അതിക്രമിച്ചു കയറിയ സംഘം ഉച്ചഭാഷണിയിലൂടെ ഹിന്ദുഭക്തിഗാനങ്ങൾ പാടി. ഇതോടെ സഭാംഗങ്ങൾ പള്ളിയിൽനിന്ന് ഇറങ്ങിപ്പോയി.
ശനിയാഴ്ച ഗുരുഗ്രാമിലെ പട്ടൗഡിയിലുള്ള ഒരു സ്കൂളിലെ ക്രിസ്മസ് പരിപാടിയിലേക്ക് സംഘപരിവാറുകാർ ആക്രോശിച്ചുകൊണ്ട് അതിക്രമിച്ചുകയറി
അസം
ഹിന്ദുക്കളെ പങ്കെടുപ്പിക്കരുതെന്ന് ഭീഷണിയുമായെത്തിയ ബജ്രംഗ്ദളുകാർ ഗുവാഹത്തിയിൽ സിൽച്ചാറിൽ നടന്ന ക്രിസ്മസ് ആഘോഷങ്ങൾ തടഞ്ഞു. ക്രിസ്ത്യാനികള്‍ ക്രിസ്മസ് ആഘോഷിക്കുന്നതില്‍ തടസ്സമില്ല, എന്നാല്‍, ഹിന്ദുക്കളെ പങ്കെടുപ്പിച്ച് ആഘോഷം നടത്താന്‍ അനുവദിക്കില്ലെന്ന് ബജ്രംഗ്ദള് പ്രവര്‍ത്തകര്‍ പറഞ്ഞു. സംഭവത്തിൽ ആർക്കെതിരെയും കേസെടുത്തിട്ടില്ല.
മധ്യപ്രദേശിലും ന്യൂനപക്ഷങ്ങൾക്കുനേരെ സംഘപരിവാർ ആക്രമണം
മധ്യപ്രദേശിലെ ധാർ ജില്ലയിലെ മനാവറിൽ സംഘപരിവാറുകാരുടെ ‘ശൗര്യയാത്ര’യ്ക്കിടെ മുസ്ലിം സമുദായങ്ങളെ ആക്രമിച്ചു. പലയിടത്തും കല്ലേറും സംഘർഷവുമുണ്ടായി. സ്ത്രീകൾക്കുനേരെയും അതിക്രമമുണ്ടായി. വ്യാഴാഴ്ച വൈകിട്ടുണ്ടായ സംഭവത്തിന്റെ പേരില്‍ മുസ്ലിം സമുദായത്തിൽപ്പെട്ടവരെയാണ് പൊലീസ് പിടികൂടിയിരിക്കുന്നത്.
അനുമതി ഇല്ലാതിരുന്നിട്ടും ന്യൂനപക്ഷങ്ങൾ താമസിക്കുന്ന മേഖലയിലേക്ക് സംഘപരിവാറുകാർ പ്രവേശിച്ച് കുഴപ്പമുണ്ടാക്കുകയായിരുന്നു.
മുസ്ലിം യുവാവിന്റെ
വീട് പൊളിച്ചു ആക്രമണക്കേസിൽ അറസ്റ്റിലായ മൂന്നു പ്രതികളെ ഒളിപ്പിച്ചെന്ന് ആരോപിച്ച് ഖലീൽ ഖത്രി എന്നയാളുടെ മൂന്നുനില കെട്ടിടം ശനിയാഴ്ച രാവിലെ ധാർ ജില്ലാ ഭരണകൂടം പൊളിച്ചു. കെട്ടിടം അനധികൃതമായി നിർമിച്ചതാണെന്നാണ് വിശദീകരണം. 2016ലും മനാവാറിൽ ശൗര്യയാത്രയുടെ മറവിൽ സമാന ആക്രമണങ്ങളുണ്ടായിരുന്നു.