ന്യൂഡൽഹി
രാജ്യത്ത് ബൂസ്റ്റർ ഡോസായി നൽകുക വ്യത്യസ്ത വാക്സിനായിരിക്കുമെന്ന് സൂചന. രണ്ടു ഡോസ് കോവിഷീൽഡോ, കോവാക്സിനോ എടുത്തവർക്ക് മറ്റൊരു വാക്സിനാകും ബൂസ്റ്റർ ഡോസായി നൽകുക. വാക്സിനേഷൻ പ്രക്രിയയിൽ കേന്ദ്രത്തിന് ഉപദേശം നൽകുന്ന ഉന്നതതല സാങ്കേതിക സമിതിയിൽ ഇക്കാര്യത്തിൽ പ്രാഥമിക ധാരണയായതായി ആരോഗ്യ മന്ത്രാലയ വൃത്തങ്ങൾ പറഞ്ഞു. ബൂസ്റ്റർ ഡോസ് നൽകുന്നതിൽ വിശദമായ മാർഗനിർദേശങ്ങൾ മന്ത്രാലയം വൈകാതെ പുറത്തുവിടും.
രാജ്യത്തോടായി നടത്തിയ അഭിസംബോധനയിൽ ‘മുൻകരുതൽ’ ഡോസ് എന്ന പ്രയോഗമാണ് ബൂസ്റ്റർ ഡോസിന്റെ കാര്യത്തിൽ പ്രധാനമന്ത്രി നരേന്ദ്ര മോദി നൽകിയത്. മൂന്നാം ഡോസ് വ്യത്യസ്തമായൊരു വാക്സിനാകാം എന്നതിനാലാണ് ‘മുൻകരുതൽ’ വാക്സിൻ പ്രയോഗം. കോവാക്സിനും കോവിഷീൽഡുമെല്ലാം ഇനാക്ടീവ് വോൾ വൈറസ് വാക്സിൻ ഇനങ്ങളാണ്. ബയോളജിക്കൽ ഇ വികസിപ്പിക്കുന്ന കൊർബെ വാക്സാണ് ബൂസ്റ്റർ ഡോസായി പരിഗണിക്കുന്ന വാക്സിനുകളിലൊന്ന്. പ്രോട്ടീൻ സബ് യൂണിറ്റ് വാക്സിനാണ് ഇത്. വൈറസിന്റെ ആന്റിജനിക് ഭാഗങ്ങളെ നിയന്ത്രിച്ച് പ്രതിരോധശേഷി ഉണർത്തുന്ന വാക്സിനാണ് ഇത്. കൊർബെ വാക്സിന്റെ 30 കോടി ഡോസ് വാങ്ങുന്നതിനായി കേന്ദ്രം 1500 കോടി രൂപ മുൻകൂറായി നൽകിയിരുന്നു.
സിറം ഇൻസ്റ്റിറ്റ്യൂട്ടിന്റെ കൊവൊവാക്സ്, ഭാരത് ബയോടെക് വികസിപ്പിച്ച മൂക്കിലൂടെ നൽകാനാകുന്ന വാക്സിൻ, പുണെയിലെ ജെന്നോവ ബയോ ഫാർമസ്യൂട്ടിക്കൽസ് വികസിപ്പിച്ച എം–- ആർഎൻഎ കോവിഡ് വാക്സിൻ എന്നിവയും ബൂസ്റ്റർ ഡോസിനായി പരിഗണിക്കുന്നുണ്ട്. ഭാരത് ബയോടെക്കിന്റെ പുതിയ വാക്സിനും ജനുവരി പകുതിയോടെ അടിയന്തര ഉപയോഗാനുമതി ലഭിക്കും.
ബൂസ്റ്റർ ഡോസ് 13 കോടി
രാജ്യത്ത് ബൂസ്റ്റർ ഡോസ് 13 കോടിയോളം പേർക്ക് നൽകേണ്ടിവരുമെന്നാണ് റിപ്പോർട്ടുകൾ. ആരോഗ്യപ്രവർത്തകരും മുൻനിര പോരാളികളുമായി മൂന്നു കോടിയോളംപേർ. 60 പിന്നിട്ട് അനുബന്ധരോഗക്കാർ 10 കോടിയോളം. ഇതിൽ 36.4 ശതമാനം കാർഡിയോ വാസ്കുലാർ രോഗക്കാരും 32 ശതമാനം രക്താതിസമ്മർദക്കാരും 14.2 ശതമാനം പ്രമേഹബാധിതരും 8.3 ശതമാനം ഗുരുതര ശ്വാസകോശരോഗികളും 5.2 ശതമാനം ഹൃദ്രോഗികളും 2.7 ശതമാനം പക്ഷാഘാതം ബാധിച്ചവരുമാണ്. 15–-18 പ്രായക്കാരായി 7.4 കോടി പേർ രാജ്യത്തുണ്ട്.
12നും 18നും ഇടയിൽ പ്രായക്കാർക്ക് നൽകുന്നതിനായി സൈഡസ് കാഡിലയുടെ സൈക്കോവ് ഡി വാക്സിനും ഭാരത് ബയോടെക്കിന്റെ കോവാക്സിനും അംഗീകാരം നൽകിയിരുന്നു.