ന്യൂഡല്ഹി > മുല്ലപ്പെരിയാര് അണക്കെട്ട് കേസ് ഉള്പ്പടെയുള്ള കേസുകളില് സുപ്രീം കോടതിയില് കേരളത്തിന് വേണ്ടി അഡ്വ. ജി പ്രകാശ് തന്നെ ഹാജരാകും. കാവേരി നദീജല തര്ക്കം, നെയ്യാര് ജല തര്ക്കം, പറമ്പിക്കുളം ആളിയാര് പദ്ധതി, മുല്ലപ്പെരിയാര് (മെഗാപാര്ക്കിങ്ങ് ) തുടങ്ങിയ കേസുകളിലും അഡ്വ. പ്രകാശിന്റെ സേവനം തുടരാന് സംസ്ഥാന സര്ക്കാര് തീരുമാനിച്ചു. ഈ കേസുകളില് മുതിര്ന്ന അഭിഭാഷകര്ക്കൊപ്പം അഡ്വ. പ്രകാശും ഹാജരാകും.
കേരള സര്ക്കാര് സ്റ്റാന്ഡിങ്ങ് കോണ്സലായിരുന്ന ജി പ്രകാശ് നിരവധി പ്രധാനപ്പെട്ട കേസുകളില് സുപ്രീം കോടതിയില് സര്ക്കാരിന് വേണ്ടി ഹാജരായിട്ടുണ്ട്.
സര്ക്കാര് അഭിഭാഷകരുടെ ഉയര്ന്ന പ്രായപരിധി വ്യവസ്ഥ കണക്കിലെടുത്ത് സ്റ്റാന്ഡിങ്ങ് കോണ്സല് പദവിയില് അദ്ദേഹത്തിന്റെ സേവനം അവസാനിപ്പിച്ചിരുന്നു. 2016 ജൂണില് സ്റ്റാന്ഡിങ് കോണ്സലായ പ്രകാശിന്റെ കാലാവധി 2019 ല് നീട്ടിയിരുന്നു.
ഇ കെ നായനാര്, വി എസ് അച്യുതാനന്ദന് സര്ക്കാരുകളുടെ കാലത്തും സ്റ്റാന്ഡിങ്ങ് കോണ്സലായിരുന്നു. കൊല്ലം സ്വദേശിയാണ്.