സംഭവബഹുലമായാണ് മാർക്ക് സക്കർബർഗ് തന്നെ താനാക്കിമാറ്റിയ ഫെയ്സ്ബുക്ക് എന്ന ബ്രാൻഡിന്റെ പേര് മാറ്റി മെറ്റ എന്നാക്കിയതും കമ്പനിയുടെ മെറ്റാവേഴ്സ് പദ്ധതികളെ കുറിച്ചുള്ള പ്രഖ്യാപനങ്ങൾ നടത്തിയതും. എന്നാൽ നമ്മളെയെല്ലാം ഒരു ഹൈപ്പർ-വെർച്വൽ ലോകത്തേക്ക് കൊണ്ടുപോവുന്ന മെറ്റാവേഴ്സ് എന്ന ആശയം അത്ര വലിയ സംഭവം ഒന്നുമല്ലെന്ന നിലപാടാണ് ശതകോടീശ്വര വ്യവസായിയായ ഇലോൺ മസ്കിന്റേത്. ഒരു അഭിമുഖത്തിലാണ് മസ്കിന്റെ പ്രതികരണം.
ഈ മെറ്റാവേഴ്സ് ഉപകരണമൊക്കെ ഞാൻ വാങ്ങുമോ എന്ന് എനിക്കറിയില്ല.ആളുകൾ അതേക്കുറിച്ച് ഒരുപാട് എന്നോട് പറയുന്നുണ്ട്. അദ്ദേഹം പറയുന്നു.
മെറ്റായെ പോലുള്ള കമ്പനികൾ മുന്നോട്ടുവെക്കുന്ന വെർച്വൽ റിയാലിറ്റിയിൽ കഴിയാൻ ആളുകൾ തയ്യാറാകുന്ന ഒരു ഭാവി ഉണ്ടാവുമെന്ന് എനിക്ക് തോന്നുന്നില്ല.
ആളുകൾ യഥാർത്ഥ ലോകത്തെ കളഞ്ഞ് പകരം വെർച്വൽ ലോകത്തെ പ്രതിഷ്ഠിക്കുമെന്ന് ഞാൻ വിശ്വസിക്കുന്നില്ല. പ്രത്യേകിച്ചും ഒരു സ്ക്രീൻ മുഖത്ത് സ്ഥാപിക്കുമെന്ന്.
നിങ്ങൾക്കറിയാമോ, ടിവി അടുത്തിരുന്ന് കാണരുത് അത് നിന്റെ കണ്ണിന് കേടാണ് എന്ന് പറഞ്ഞുകേട്ടാണ് ഞാൻ വളർന്നത്. ഇപ്പോഴിതാ ടിവി ഇവിടെയാണ് (കൈ മുഖത്തോട് ചേർത്തുവെക്കുന്നു). അത് നിങ്ങൾക്ക് നല്ലതാണോ ? ദീർഘസമയം ഒരു സ്ക്രീൻ കണ്ണിന് തൊട്ടുമുന്നിൽ സ്ഥാപിക്കുക എന്ന ആശയത്തെ മസ്ക് കളിയാക്കുന്നു.
ദിവസം മുഴുവൻ ഒരാൾ ബുദ്ധിമുട്ടിക്കും വിധത്തിൽ ഒരു സ്ക്രീൻ മുഖത്ത് കെട്ടിനടക്കുമെന്ന് എനിക്ക് തോന്നുന്നില്ല.
വിആർ ഗ്ലാസിനേക്കാൾ ന്യൂറാലിങ്ക് ആണ് മികച്ചൊരു പരിഹാരം എന്നാണ് മസ്കിന്റെ നിലപാട്. ദീർഘകാലാടിസ്ഥാനത്തിൽ, ഒരു നൂതനമായ ന്യൂറാലിങ്കിന് നിങ്ങളെ പൂർണമായും ഒരു വെർച്വൽ റിയാലിറ്റിയിലേക്ക് കൊണ്ടുവരാൻ കഴിയുമെന്ന് അദ്ദേഹം പറയുന്നു.
മനുഷ്യന്റെ തലച്ചോറിനേയും യന്ത്രങ്ങളേയും തമ്മിൽ ബന്ധിപ്പിക്കാനാവുന്ന സാങ്കേതികവിദ്യ വികസിപ്പിക്കാൻ ശ്രമിക്കുന്ന കമ്പനിയാണ് ന്യൂറാലിങ്ക്. ഇലോൺ മസ്കിന്റെ സ്ഥാപനങ്ങളിൽ ഒന്നാണിത്.
Content Highlights: nobody wants a screen strapped to their face elon musk mocks metaverse