ആലപ്പുഴ > ആലപ്പുഴയിൽ ആർഎസഎസ്‐എസ്ഡിപിഐ നേതാക്കളുടെ കൊലപാതക അന്വേഷണത്തിൽ പൊലീസിന് വീഴ്ച പറ്റിയിട്ടില്ലെന്ന് മന്ത്രി സജി ചെറിയാൻ. പ്രതികളെ കണ്ടെത്തുന്നില്ലെന്നത് ആരോപണം മാത്രം. യഥാർഥ പ്രതികളെ തിരിച്ചറിഞ്ഞുവെന്നും കൃത്യമായി അന്വേഷണം നടക്കുകയാണെന്നും മന്ത്രി പറഞ്ഞു. കൊല്ലപ്പെട്ട ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി അഡ്വ. രഞ്ജിത്ത് ശ്രീനിവാസന്റെ വസതി സന്ദർശിച്ച ശേഷം മാധ്യമങ്ങളോട് സംസാരിക്കുകയായിരുന്നു മന്ത്രി.
യഥാർഥ പ്രതികളെ സംരക്ഷിക്കാൻ രണ്ട് സംഘടനകളും ശ്രമിക്കുന്നുണ്ട്. ലോകത്ത് എവിടെ പോയാലും യഥാർഥ പ്രതികളെ പിടിക്കും. ഒരു പ്രതിയും രക്ഷപ്പെടില്ല. രഞ്ജിത്ത് വധക്കേസിൽ പ്രതികളെ തെരഞ്ഞ് അന്വേഷണ സംഘം തമിഴ്നാട്ടിലേക്ക് പോയി. പ്രാഥമിക വിവരങ്ങളുടെ അടിസ്ഥാനത്തിലാണ് പരിശോധന. കൊലയാളി സംഘത്തിന് സംസ്ഥാനത്തിന് പുറത്തുനിന്ന് സഹായം ലഭിച്ചിട്ടുണ്ടെന്നാണ് അന്വേഷണ സംഘത്തിന്റെ നിഗമനം. കൃത്യമായ രീതിയിലാണ് അന്വേഷണം. വർഗീയത ഭ്രാന്താണ്. ഭീകര പ്രവർത്തനം നടത്താനും വർഗീയ ചേരിതിരിവ് വളർത്താനും ശ്രമമുണ്ട്. ജയ് ശ്രീറാം വിളിപ്പിച്ചെന്ന ആരോപണം പച്ചക്കള്ളമാണ്.
എ എം ആരിഫ് എംപിയ്ക്കും എച്ച് സലാം എംഎൽഎയ്ക്കുമെതിരായ ബിജെപി വക്താവ് സന്ദീപ് വാര്യരുടെ ആരോപണം മന്ത്രി തള്ളി. സലാം, ആരിഫ് എന്നിവർ ഒരു പ്രത്യേക മതത്തിൽപ്പെട്ടവരായതിനാൽ അവർ എസ്ഡിപിഐക്കാരാണെന്ന് പറയുന്നത് വിവരക്കേടാണ്. ഇരുവരും കമ്യൂണിസ്റ്റ് നേതാക്കളാണ്. സ്കൂൾകാലം തൊട്ടേ അവരുടെ രാഷ്ട്രീയവും അതുതന്നെ. തങ്ങളെല്ലാം സഹപ്രവർത്തകരാണ്. അവർ തീവ്ര സംഘടനകൾക്കുവേണ്ടി നിലകൊള്ളുന്നവരല്ല. തോന്ന്യാസം പറഞ്ഞാൽ അംഗീകരിക്കില്ലെന്നും സജി ചെറിയാൻ പറഞ്ഞു.