ന്യൂഡൽഹി > ഉത്തർപ്രദേശ് തെരഞ്ഞെടുപ്പിൽ ബിജെപിയെ മറികടക്കാനെന്ന പേരിൽ കടുത്ത വർഗീയ പ്രചരണവുമായി കോൺഗ്രസ്. നിലവിൽ മറ്റ് പാർട്ടികളെ മറികടക്കാനുള്ള ശേഷിയില്ലാത്ത സാഹചര്യത്തിലാണ് പ്രിയങ്ക ഗാന്ധിയുടെ നേതൃത്വത്തിൽ കടുത്ത സാമുദായിക പ്രീണനവുമായി തെരഞ്ഞെടുപ്പിലേക്ക് നീങ്ങുന്നത്. യു.പിയിൽ ഏറ്റവുമധികം ബ്രാഹ്മണ സമുദായത്തിൽപ്പെട്ട മുഖ്യമന്ത്രിമാരെ സംഭാവന ചെയ്തത് തങ്ങളാണെന്നാണ് കോൺഗ്രസിന്റെ പ്രധാന പ്രചാരണങ്ങളിലൊന്ന്.
Photo: twitter/priyanka gandhi vadra
മാസങ്ങൾക്ക് മുമ്പേ പാർട്ടി തീരുമാനിച്ച രീതിയിലുള്ള പ്രീണന തന്ത്രമാണ് മുതിർന്ന നേതാക്കളടക്കം സംസ്ഥാനത്ത് നടത്തുന്നത്. “ബ്രാഹ്മണ സമുദായത്തോട് ബിജെപി ഉൾപ്പെടെയുള്ള പാർട്ടികൾ കാണിക്കുന്ന സ്നേഹം കപടമാണ്. ആത്മാർത്ഥതയുണ്ടെങ്കിൽ മുഖ്യമന്ത്രിസ്ഥാനത്തേക്ക് സമുദായത്തിൽപ്പെട്ട ഒരാളെ ഉയർത്തിക്കാണിച്ച് തെരഞ്ഞെടുപ്പിനെ നേരിടണം’ – കഴിഞ്ഞ സെപ്തംബറിൽ കോൺഗ്രസ് മീഡിയ കൺവീനർ ലാലൻ കുമാർ പുറത്തിറക്കിയ ഔദ്യോഗിക പ്രസ്താവനയിൽതന്നെ പറയുന്നത് ഇങ്ങനെയാണ്. ബ്രാഹ്മണ സമുദായത്തിൽ നിന്നുള്ള ആറുപേരെ ഇതുവരെ കോൺഗ്രസ് യു.പിയിൽ മുഖ്യമന്ത്രിയാക്കിയെന്ന് പ്രസ്താവനയിൽ പറയുന്നു.
പിന്നോക്ക വിഭാഗങ്ങളുടെ വലിയൊരു ശതമാനം വോട്ട് എസ്പി, ബിഎസ്പി പാർട്ടികൾക്ക് പോകുമെന്ന് ഏറെക്കുറെ ഉറപ്പിച്ചാണ് കോൺഗ്രസ് പോരിനിറങ്ങുന്നത്. പ്രിയങ്കയുടെ പ്രചരണം വോട്ടായി മാറില്ലെന്ന് മനസ്സിലാക്കിയ കോൺഗ്രസ് ബ്രാഹ്മണ മുഖ്യമന്ത്രിമാരെത്തന്നെ ഉയർത്തിക്കാട്ടിയാണ് ശക്തമായ പ്രചരണം നടത്തുന്നതെന്ന് മലയാള മനോരമ പത്രം യു.പിയിൽ നിന്നുള്ള റിപ്പോർട്ടിൽ പറയുന്നു.