കെ റെയിൽ പദ്ധതിയിലെ ആശയക്കുഴപ്പം ഒഴിവാക്കാൻ യോഗം വിളിച്ച് ചേർക്കണമെന്ന നിലപാടിൽ തരൂർ ഉറച്ചുനിൽക്കുന്നതാണ് എംപിമാരിൽ നിന്നുള്ള എതിർപ്പിന് കാരണം. എം കെ മുനീറിൻ്റെ നേതൃത്വത്തിൽ നടത്തിയ പഠന സമിതി റിപ്പോർട്ട് തരൂരിന് ലഭിച്ചിട്ടില്ലെന്നും അതിനാലാണ് അദ്ദേഹത്തിൻ്റെ ഭാഗത്ത് നിന്നും സഹകരണം ഉണ്ടാകാത്തതെന്നുമുള്ള കെ സി വേണുഗോപാലിൻ്റെ വാദം ഉൾക്കൊള്ളാൻ സാധിക്കില്ലെന്നാണ് മറ്റ് എംപിമാർ പറയുന്നത്. പദ്ധതിയുടെ ഡിപിആർ പുറത്തുവിടാൻ മടികാണിക്കുന്ന സർക്കാരുമായി വിശദമായ ചർച്ച വേണമെന്ന തരൂരിൻ്റെ നിലപാടിനൊപ്പം ചേരേണ്ടതുണ്ടോ എന്നാണ് എംപിമാർ ചോദിക്കുന്നത്.
സർക്കാർ ചർച്ചയ്ക്ക് തയ്യാറായില്ലെങ്കിൽ സ്വന്തം നിലയിൽ ചർച്ച വിളിക്കാനാണ് തരൂരിൻ്റെ നീക്കമെന്നാണ് സ്ഥിരീകരിക്കാത്ത റിപ്പോർട്ട്. ഇത്തരത്തിൽ യോഗം നടന്നാൽ സഹകരിക്കാൻ സാധിക്കില്ലെന്ന നിലപാടിലാണ് മറ്റ് എംപിമാർ. കെ റെയിൽ വിഷയത്തിൽ സ്വന്തം നിലയിൽ ചർച്ച സംഘടിപ്പിക്കാനുള്ള നീക്കത്തിനെതിരെ പാർട്ടിയിൽ തന്നെ എതിർപ്പ് രൂക്ഷമാണ്. തരൂരിൻ്റെ മോശം കാലത്ത് കൂടെ നിന്നത് പാർട്ടിയാണെന്ന് കെ മുരളീധരൻ എം പി ഓർമിപ്പിക്കുകയും ചെയ്തു.
ആഗോള പൗരനാണെങ്കിലും കാര്യങ്ങൾ തിരിച്ചറിയാൻ തരൂരിന് കഴിയുന്നില്ലെന്ന് രാജ്മോഹൻ ഉണ്ണിത്താൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. അടുത്ത പ്രാവശ്യം മത്സരിക്കാൻ ഇറങ്ങിയാൽ തരൂരിനെതിരെ കോൺഗ്രസ് പ്രവർത്തകരിൽ നിന്ന് എതിർപ്പുണ്ടാകും.
നിലപാട് തിരുത്തുന്ന സമീപനമാണ് തരൂരിൻ്റെ ഭാഗത്ത് നിന്നുമുണ്ടാകേണ്ടത്. സ്വർണം കായ്ക്കുന്ന മരമാണെങ്കിലും പുരയ്ക്ക് മുകളിൽ ചാഞ്ഞാൽ വെട്ടിക്കളയണം. തരൂരിനെ കൊലക്കേസ് പ്രതിയാക്കാൻ സിപിഎം ശ്രമിച്ചപ്പോൾ അദ്ദേഹത്തിനൊപ്പം നിന്നത് കോൺഗ്രസാണ്” – എന്നും ഉണ്ണിത്താൻ വ്യക്തമാക്കിയിരുന്നു.
കെ റെയിൽ വിഷയത്തിൽ യുഡിഎഫിനെ പ്രതിരോധത്തിലാക്കുന്ന തരത്തിൽ നിലപാട് സ്വീകരിക്കുന്ന ശശി തരൂർ എംപിയിൽ നിന്നും വിശദീകരണം തേടുമെന്ന് കെപിസിസി പ്രസിഡൻ്റ് കെ സുധാകരൻ കഴിഞ്ഞ ദിവസം പറഞ്ഞിരുന്നു. കെ റെയിൽ പദ്ധതിയുമായി ബന്ധപ്പെട്ട് കെപിസിസി തീരുമാനത്തിന് വിരുദ്ധമായി നിലപാട് സ്വീകരിക്കുകയും മുഖ്യമന്ത്രി പിണറായി വിജയനെ പ്രശംസിക്കുകയും ചെയ്തത തരൂരിനെതിരെ കോൺഗ്രസ് നേതൃത്വത്തിൽ എതിർപ്പ് തുടരുകയാണ്.