ന്യൂഡൽഹി
നഷ്ടം മറികടക്കാനും പ്രവർത്തനച്ചെലവ് തിരിച്ചുപിടിക്കാനും റെയിൽവേ യാത്രാ, ചരക്ക് നിരക്കുകൾ ഉയർത്തണമെന്ന് കംപ്ട്രോളർ ആൻഡ് ഓഡിറ്റ് ജനറൽ (സിഎജി). “പ്രതിസന്ധിയിൽനിന്ന് കരകയറാന്‍’ ഘട്ടംഘട്ടമായി നിരക്ക് ഉയർത്തണമെന്ന് കഴിഞ്ഞദിവസം രാജ്യസഭയിൽ സമർപ്പിച്ച സിഎജി റിപ്പോർട്ടിൽ പറയുന്നു.
2019–-2020ൽ റെയിൽവേയുടെ ഓപ്പറേറ്റിങ് റേഷ്യോ (ഒആർ) 98.36 ശതമാനമാണെന്ന വസ്തുത യഥാർഥ സാമ്പത്തികനില പ്രതിഫലിപ്പിക്കുന്നില്ലെന്ന് സിഎജി വാദിക്കുന്നു. പെൻഷൻ ചെലവിന്റെ യഥാർഥ കണക്ക് കൂടി ഉൾപ്പെടുത്തിയാൽ ഒആർ 114 ശതമാനമായി ഉയരുമെന്നും റിപ്പോർട്ടിലുണ്ട്. ഓരോ 100 രൂപ സമ്പാദിക്കാൻ എത്ര രൂപ ചെലവിടേണ്ടി വരുന്നുവെന്നതിന്റെ കണക്കാണ് ഒആർ. ഇത് ഉയരുംതോറും അധികലാഭം ഉണ്ടാകാനുള്ള സാധ്യത കുറയും.
റെയിൽവേയുടെ ആകെ മിച്ചമൂല്യത്തിലും കുറവുണ്ടായി. 2018–-2019ൽ ആകെ മിച്ചമൂല്യം 3,774 കോടിയായിരുന്നെങ്കിൽ 2019–-2020ൽ അത് 1,589 കോടിയായി. കഴിഞ്ഞവർഷം യാത്രാസർവീസ് വഴിയുള്ള മൂലധനസമാഹരണം കുറഞ്ഞെങ്കിലും ചരക്കുഗതാഗതം വഴിയുള്ള വരുമാനത്തിലൂടെ പിടിച്ചുനിൽക്കാൻ സാധിച്ചു.