കാട്ടിക്കുളം
കടുവയെ പിടികൂടാനുള്ള വനംവകുപ്പിന്റെ തിരച്ചിൽ ഊർജിതമായി പുരോഗമിക്കുമ്പോഴും കടുവ കാണാമറയത്തുതന്നെ. കഴിഞ്ഞ കുറച്ചുദിവസങ്ങളായി കുറുക്കൻമൂലയിലും പരിസര പ്രദേശങ്ങളിലും വളർത്തുമൃഗങ്ങളെ ആക്രമിക്കാത്തതിന്റെ ആശ്വാസമുണ്ടെങ്കിലും പ്രദേശമാകെ ഭീതിയിൽ തുടരുകയാണ്. കടുവക്കായുള്ള തിരച്ചിൽ 25-ാം ദിവസത്തിലേക്ക് കടന്നിട്ടും ലക്ഷ്യം കൈവരിക്കാനായിട്ടില്ല.
കടുവ അവശനിലയിലാണെന്ന് വനംവകുപ്പ് ആവർത്തിക്കുമ്പോഴൂം കണ്ടെത്താൻ കഴിയാത്തതെന്താണെന്ന ചോദ്യമാണ് നാട്ടുകാർ ഉയർത്തുന്നത്. മുപ്പതിലധികം ക്യാമറകൾ കടുവയെ കണ്ടെത്തുന്നതിനായി സ്ഥാപിച്ചിട്ടുണ്ട്. ബുധനാഴ്ച തിരച്ചിലിന്റെ ഭാഗമായി മണ്ണുമാന്തി യന്ത്രമുൾപ്പടെയുള്ളവ ഉപയോഗിച്ച് കാട്ടുപ്രദേശങ്ങളിൽ വഴി സുഗമമാക്കി. അടിക്കാടുകൾ വെട്ടിയും തിരച്ചിൽ ശക്തമാക്കി.
കുറുക്കൻമൂല, പുതിയിടം, ചെറൂർ, കൊയിലേരി, പയ്യമ്പള്ളി, കുറുവ എന്നിവിടങ്ങളിലുള്ളവരെല്ലാം കഴിഞ്ഞ കുറേക്കാലമായി ശ്വാസം മുട്ടുകയാണ്. ഒരു ഭാഗത്ത് കടുവ ഭീതിയാണെങ്കിൽ മറുഭാഗത്ത് നിരോധനമുൾപ്പടെയുള്ള കാരണങ്ങളാൽ ജീവിതം താളംതെറ്റുന്നു. ക്ഷീരകർഷകർ ഉൾപ്പെടെയുള്ള കർഷകരുടെയെല്ലാം ജീവിതമാർഗം ഗതിമുട്ടിയ നിലയിലാണ്. ചെറുകിട കച്ചവടക്കാരും പ്രതിസന്ധിയിലാണ്.