ന്യൂഡൽഹി
കോൺഗ്രസിൽ പുതിയ കലാപത്തിന് വഴിവെട്ടി ഉത്തരാഖണ്ഡിലെ മുതിർന്ന നേതാവും മുൻ മുഖ്യമന്ത്രിയുമായ ഹരീഷ്റാവത്ത്. കോൺഗ്രസ് പിന്തുണയ്ക്കുന്നില്ലെന്നും തന്റെ കൈയും കാലും കെട്ടിപ്പൂട്ടിയിട്ടിരിക്കുകയാണെന്നും റാവത്ത് ട്വിറ്റ് ചെയ്തു. നിയമസഭാ തെരഞ്ഞെടുപ്പ് അടുത്തിരിക്കെയുള്ള റാവത്തിന്റെ പ്രതികരണം കോൺഗ്രസിന് തലവേദനയാകും. പഞ്ചാബിൽ ആഭ്യന്തരത്തർക്കത്തെ തുടർന്ന് കോൺഗ്രസ് വിട്ട ക്യാപ്റ്റൻ അമരീന്ദർസിങ് പുതിയ പാർടി ഉണ്ടാക്കി ബിജെപിയുമായി സഖ്യത്തിലായത് കനത്ത ആഘാതമാണ് ഏൽപ്പിച്ചത്. ഇതിനുപിന്നാലെയാണ് റാവത്തിന്റെ പുറപ്പാട്.
വലിയ പ്രതിസന്ധികൾ നേരിടാനുള്ളപ്പോൾ പരസ്പരം സഹകരിക്കുന്നതിനുപകരം തന്നെ ഒറ്റപ്പെടുത്താനാണ് കോൺഗ്രസ് ശ്രമിക്കുന്നത്. പലപ്പോഴും നിഷേധാത്മക നിലപാടാണ് സ്വീകരിക്കുന്നത്. ഭരണകക്ഷി രാഷ്ട്രീയക്കടലിലേക്ക് പല മുതലകളെയും ഇറക്കിവിട്ടിരിക്കെ എന്റെ കൈകാലുകൾ കെട്ടിപ്പൂട്ടിയിരിക്കുകയാണെന്നുമാണ് ട്വിറ്ററിൽ റാവത്ത് പ്രതികരിച്ചത്.
മാധ്യമങ്ങൾ വിശദീകരണം ആരാഞ്ഞപ്പോൾ ‘സമയമാകുമ്പോൾ എല്ലാം നിങ്ങൾ അറിയും’–- എന്നും റാവത്ത് പ്രതികരിച്ചു.
ഉത്തരാഖണ്ഡിൽ റാവത്തും അനുയായികളും ഒരു ഭാഗത്തും പ്രതിപക്ഷ നേതാവ് പ്രിതംസിങ്, എഐസിസിയിൽ സംസ്ഥാനത്തിന്റെ ചുമതലയുള്ള ദേവേന്ദ്രയാദവ് എന്നിവർ മറുഭാഗത്തുമാണ്. ദേവേന്ദ്രയാദവിനെ നീക്കണമെന്ന് റാവത്ത് തുടർച്ചയായി നേതൃത്വത്തോട് ആവശ്യപ്പെട്ടിരുന്നു. ഡൽഹി കേന്ദ്രീകരിച്ച് പ്രിതംസിങ്ങും ദേവേന്ദ്രയാദവും നീക്കങ്ങൾ നടത്തുന്നതാണ് റാവത്തിനെ ചൊടിപ്പിച്ചത്. റാവത്ത് മറ്റൊരു അമരീന്ദർസിങ്ങാകുമെന്ന് ബിജെപി വക്താവ് സുരേഷ്ജോഷി പ്രതികരിച്ചു. പഞ്ചാബിൽ പിസിസി അധ്യക്ഷനായി നവ്ജ്യോത് സിങ് സിദ്ദുവിനെയും മുഖ്യമന്ത്രിസ്ഥാനത്ത് ചരൺജിത്ത് സിങ് ചന്നിയെയും അവരോധിച്ചതോടെയാണ് അമരീന്ദർ കോൺഗ്രസ് വിട്ടത്.