ന്യൂഡൽഹി
ജനാധിപത്യ സംവിധാനത്തോടും ഭരണഘടനാ സ്ഥാപനങ്ങളോടും ബിജെപി സർക്കാർ പുലർത്തുന്ന അസഹിഷ്ണുത ഒരിക്കൽക്കൂടി വിളിച്ചറിയിച്ച് പാർലമെന്റിന്റെ ശീതകാല സമ്മേളനത്തിന് സമാപ്തി. കാർഷികനിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ പാസാക്കിയത് ഇരുസഭയിലും ഹ്രസ്വചർച്ചപോലും അനുവദിക്കാതെ. കഴിഞ്ഞവർഷം കാർഷികബില്ലുകൾ പാസാക്കിയെടുത്തതും സമാനമായി. കഴിഞ്ഞ സമ്മേളനകാലത്തെ ഒച്ചപ്പാടിന്റെ പേരിൽ 12 പ്രതിപക്ഷ അംഗങ്ങളെ സസ്പെൻഡ് ചെയ്ത അസാധാരണ നടപടിയും ഉണ്ടായി. മുഴുവൻ സമ്മേളനകാലത്തേക്കുമാണ് എളമരം കരീം, ബിനോയ് വിശ്വം അടക്കമുള്ളവരെ പുറത്താക്കിയത്. സമ്മേളനദിവസങ്ങളിൽ ഇവര് പുറത്തെ കൊടുംതണുപ്പിൽ പ്രതിഷേധ ധർണ നടത്തി.
സമ്മേളനം അവസാനിപ്പിക്കുന്നതിന് രണ്ടു ദിവസംമുമ്പ്, സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾ ഉൾപ്പെടുന്ന അഞ്ച് പ്രതിപക്ഷ പാർടി നേതാക്കളെമാത്രം വിളിച്ചു. അനൗചിത്യം ചൂണ്ടിക്കാട്ടിയതോടെ ഈ ചർച്ച നടന്നില്ല. ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ സംഭവത്തിന്റെ സൂത്രധാരനായ അജയ് മിശ്ര ആഭ്യന്തരസഹമന്ത്രിയായി തുടരുന്നതിന്റെ നീതികേട് പ്രതിപക്ഷം പലപ്രാവശ്യം ഉന്നയിച്ചെങ്കിലും സർക്കാർ മൗനം തുടർന്നു.
ഇഡി, സിബിഐ ഡയറക്ടർമാരുടെ കാലാവധി അഞ്ചുവർഷമാക്കാന് സമ്മേളനത്തിന് തൊട്ടുമുമ്പ് ഓർഡിനൻസ് ഇറക്കി. വോട്ടർ തിരിച്ചറിയൽ കാർഡും ആധാറും ബന്ധിപ്പിക്കുന്ന ഭേദഗതിബില്ലും തിരക്കിട്ട് പാസാക്കി. ഒടുവിൽ, പെൺകുട്ടികളുടെ വിവാഹപ്രായം ഉയർത്തിയ ബില്ലും അസാധാരണ വേഗത്തിൽ കൊണ്ടുവന്നു.
ഒരു ദിവസം മുന്നേ
സഭ പിരിഞ്ഞു
പാർലമെന്റിന്റെ ശീതകാല സമ്മേളനം നിശ്ചയിച്ചിരുന്നതിനും ഒരു ദിവസം മുമ്പേ പിരിഞ്ഞു. നവംബർ 29ന് തുടങ്ങിയ സമ്മേളനം 18 ദിവസം ചേർന്നു. കോവിഡ് മഹാമാരി തുടങ്ങിയശേഷം പതിവ് ക്രമത്തിൽ ചേർന്ന ആദ്യസമ്മേളനമാണിത്. എന്നാൽ, മാധ്യമപ്രവർത്തകരെ നിയന്ത്രിച്ചു. മൊത്തം 13 ബിൽ അവതരിപ്പിച്ചു. പന്ത്രണ്ടും ലോക്സഭയില്. 11 ബിൽ പാസാക്കി. കാർഷിക നിയമങ്ങൾ പിൻവലിക്കാനുള്ള ബിൽ, ഡാം സുരക്ഷ ബിൽ, സുപ്രീംകോടതി–-ഹൈക്കോടതി ജഡ്ജിമാരുടെ പെൻഷൻ കൂട്ടാനുള്ള ബിൽ, ഇഡി–-സിബിഐ ഡയറക്ടർമാരുടെ കാലാവധി ഉയർത്താനുള്ള ബിൽ, തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ, ഐവിഎഫ് ബിൽ എന്നിവ പ്രധാനം.
രാജ്യസഭയിൽനിന്ന് സസ്പെൻഡ് ചെയ്യപ്പെട്ട അംഗങ്ങൾ പാർലമെന്റ് വളപ്പിൽ തുടർന്നുവന്ന ധർണ ഭരണഘടന വായിച്ചും ദേശീയഗാനം ആലപിച്ചും അവസാനിപ്പിച്ചു.