ന്യൂഡൽഹി
രാജ്യസഭയിൽ ജനവിരുദ്ധ ബില്ലുകൾ അനായാസം പാസാക്കാൻ പ്രതിപക്ഷ എംപിമാരെ സസ്പെൻഡ് ചെയ്യുന്ന നടപടി മോദി സർക്കാർ തുടരുന്നു. വോട്ടർ കാർഡ് ആധാറുമായി ബന്ധിപ്പിക്കുന്നതിനുള്ള ബില്ലിനെ എതിർത്ത തൃണമൂൽ കോൺഗ്രസ് രാജ്യസഭാ നേതാവ് ഡെറിക് ഒബ്രിയനെ സഭയില് നിന്നും സസ്പെൻഡ് ചെയ്തു. അധ്യക്ഷ കസേരയ്ക്കുനേരെ റൂൾ ബുക്ക് എറിഞ്ഞെന്ന് ആരോപിച്ചാണ് നടപടി. ശീതകാല സമ്മേളനം അവസാനിക്കുംവരെയാണ് സസ്പെൻഷൻ. സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം അടക്കം 12 എംപിമാര് നിലവില് സസ്പെൻഷനിലാണ്.
ബിൽ സെലക്ട് കമ്മിറ്റിക്ക് വിടണമെന്ന് ആവശ്യപ്പെട്ട് ജോൺ ബ്രിട്ടാസ് പ്രമേയം അവതരിപ്പിച്ചു. പ്രമേയത്തിൽ വോട്ടെടുപ്പ് ആവശ്യപ്പെട്ടു. വോട്ടിങ് സാധ്യമാകില്ലെന്ന് സഭാധ്യക്ഷൻ നിലപാടെടുത്തു. ഈ ഘട്ടത്തിൽ ചട്ടം 269 ചൂണ്ടിക്കാട്ടിയ ഒബ്രിയൻ അംഗത്തിന് വോട്ടിങ് ആവശ്യപ്പെടാമെന്നും സഭ ശാന്തമെന്ന് ഉറപ്പാക്കേണ്ട ഉത്തരവാദിത്വം സഭാധ്യക്ഷനാണെന്നും ക്രമപ്രശ്നം ഉന്നയിച്ചു. ക്രമപ്രശ്നം അനുവദിച്ചില്ല. തുടർന്ന്, റൂൾ ബുക്ക് മുന്നിലേക്ക് ഇട്ട് ഒബ്രിയൻ സഭ ബഹിഷ്കരിച്ചു. മറ്റ് പ്രതിപക്ഷ പാർടികളും വാക്കൗട്ട് നടത്തി.