ജനീവ
ലോകത്ത് ഒമിക്രോൺ വകഭേദം അതിവേഗം പടരുന്നതിനാൽ ആഘോഷങ്ങൾ കഴിവതും ഒഴിവാക്കണമെന്ന് ലോകാരോഗ്യ സംഘടന. ഡെൽറ്റയേക്കാൾ അതിവേഗം ഒമിക്രോൺ പടരുന്നതായി പഠനങ്ങളിൽ തെളിഞ്ഞതായി ഡബ്ല്യുഎച്ച്ഒ ഡയറക്ടർ ജനറൽ ടെഡ്രോസ് അഥാനം ഗബ്രിയേസിസ് പറഞ്ഞു.
വിഷമകരമായ ഘട്ടത്തിൽ കുടുംബാംഗങ്ങളും സുഹൃത്തുക്കളുമായുള്ള ഒത്തുചേരൽ ആശ്വാസം നൽകും. എന്നാൽ, പൊതുസമൂഹത്തിന്റെയാകെ സംരക്ഷണത്തിനായി ജനങ്ങളും നേതാക്കളും ഉത്തരവാദിത്വത്തോടെ പ്രവർത്തിക്കണം. ആറുമാസത്തിനുള്ളിൽ എല്ലാ രാജ്യത്തെയും 70 ശതമാനം പേർക്ക് വാക്സിൻ ലഭ്യമാക്കാനായാൽ 2022ൽത്തന്നെ മഹാമാരി അവസാനിക്കും. ക്രിസ്മസ് കാലത്ത് അമേരിക്കയില് ഒമിക്രോൺ വ്യാപനം കൂടുതൽ രൂക്ഷമാകുമെന്ന് ആശങ്കയുണ്ട്. ഒമിക്രോൺ നിയന്ത്രണ നടപടികളുടെ ഭാഗമായി 50 കോടി പരിശോധനാ കിറ്റുകൾ രാജ്യത്ത് സൗജന്യമായി ലഭ്യമാക്കുമെന്ന് വൈറ്റ് ഹൗസ് അറിയിച്ചു. സൈന്യത്തിന്റെ സേവനവും ലഭ്യമാക്കും.
അമേരിക്കയിൽ ആദ്യ ഒമിക്രോൺ മരണം
അമേരിക്കയിൽ ആദ്യമായി കോവിഡ് ഒമിക്രോൺ വകഭേദം ബാധിച്ചുള്ള മരണം സ്ഥിരീകരിച്ചു. ടെക്സസിൽനിന്നുള്ള അമ്പതുകാരനാണ് ഒമിക്രോണിന് ഇരയായത്. വാക്സിൻ എടുത്തിരുന്നില്ല. യുഎസില് ഒമിക്രോൺ വ്യാപനം ഡെൽറ്റ വകഭേദത്തെ കടത്തിവെട്ടി. ഒരാഴ്ചയ്ക്കുള്ളിൽ കോവിഡ് സ്ഥിരീകരിച്ചവരിൽ 73 ശതമാനത്തിലും ഒമിക്രോൺ സാന്നിധ്യമുണ്ട്.
ഹൂസ്റ്റണിൽ ആദ്യ കേസ് റിപ്പോർട്ട് ചെയ്ത് മൂന്നാഴ്ച ആകുമ്പോൾ കോവിഡ് സ്ഥിരീകരിക്കപ്പെടുന്നവരുടെ 82 ശതമാനവും ഒമിക്രോൺ ബാധിതരാണ്. ഡെൽറ്റയ്ക്ക് അത്രയും വ്യാപകമാകാൻ മൂന്നുമാസമെടുത്തിരുന്നു.