ഗുജറാത്തിന്റെ 1650 കിലോമീറ്റർ തീരദേശം ഇന്ത്യയിലേക്കുള്ള ലഹരിയുടെ പ്രവേശനകവാടങ്ങളായി മാറിയിട്ട് കാലമേറെയായി. 2017നുശേഷം അന്താരാഷ്ട്ര മയക്കുമരുന്ന് മാഫിയയുടെ ‘ഫലഭൂയിഷ്ടമായ മണ്ണായി’ ഗുജറാത്ത് മാറിയെന്നാണ് ഡയറക്ടറേറ്റ് ഓഫ് റവന്യു ഇന്റലിജൻസ്(ഡിആർഐ) വിലയിരുത്തല്. 2017–-2020ല് 5000 കിലോയിലധികം മയക്കുമരുന്ന് പിടികൂടിയെങ്കില് 2021ൽമാത്രം 10,000 കിലോയിലധികം പിടിച്ചെടുത്തു.
അദാനി നിയന്ത്രിക്കുന്ന മുന്ദ്ര തുറമുഖംവഴി പാകിസ്ഥാൻ, അഫ്ഗാൻ എന്നിവിടങ്ങളിൽനിന്ന് ലഹരി എത്തുന്നു. സെപ്തംബർ 16ന് രണ്ട് കാർഗോയിലായി എത്തിയത് 2988 കിലോ ഹെറോയിൻ. വിപണിയിൽ 21,000 കോടി വിലവരും. ലോകത്തെ ഏറ്റവും വലിയ ലഹരിവേട്ടയിലൊന്നാണിത്. തുടർന്ന്, രണ്ട് മാസത്തിനിടെ 58 കേസിലായി 245 കോടിയുടെ (5756 കിലോ) മയക്കുമരുന്ന് പിടികൂടി. മോരി ജില്ലയിലെ ഗ്രാമത്തിൽനിന്ന് 600 കോടിയുടെ ഹെറോയിൻ കണ്ടെത്തി. പാകിസ്ഥാനിൽനിന്നാണ് എത്തിയത്. കഴിഞ്ഞ ദിവസം 77 കിലോ ഹെറോയിനുമായി പാക് ബോട്ട് ഗുജറാത്ത് തീരത്ത് പിടിയിലായി.
കറപ്പിന്റെ പ്രധാന ഉൽപ്പാദകരായ അഫ്ഗാനിസ്ഥാൻ, പാകിസ്ഥാൻ, ഇറാൻ എന്നിവിടങ്ങളിൽനിന്ന് ഇന്ത്യന് തീരംവഴിയാണ് മയക്കുമരുന്ന് യൂറോപ്പിലേക്കടക്കം പ്രവഹിക്കുന്നത്. മുമ്പ് ശ്രീലങ്കയായിരുന്നു പ്രധാന ഇടനാഴി. മയക്കുമരുന്ന് സംഘങ്ങൾക്ക് ലങ്ക വധശിക്ഷ നൽകാൻ തുടങ്ങിയതോടെ അവർ ഗുജറാത്തിലേക്ക് നീങ്ങിയെന്നാണ് എൻസിബി വിലയിരുത്തല്.
പാകിസ്ഥാൻ ചാരസംഘടനയായ ഐഎസ്ഐ ദാവൂദിന്റെ സംഘത്തെ ഉപയോഗിച്ച് ഗുജറാത്തിലൂടെ ഇന്ത്യയിലേക്ക് മയക്കുമരുന്ന് എത്തിക്കുകയും ഇവിടെനിന്ന് റോഡ് മാർഗം മറ്റ് മേഖലകളിലേക്ക് കൈമാറുകയുമാണ് രീതിയെന്ന് എൻസിബി അധികൃതര് കരുതുന്നു.