ന്യൂഡൽഹി
ഡെൽറ്റാ വകഭേദത്തിന് എതിരായ കോവിഷീൽഡിന്റെ പരിരക്ഷ മൂന്ന് മാസത്തിനുശേഷം കുറയുന്നതായി പഠനം. ഓക്സ്ഫഡും ആസ്ട്രാസെനെക്കയും വികസിപ്പിച്ച് ഇന്ത്യയിൽ സിറം ഇൻസ്റ്റിറ്റ്യൂട്ട് നിർമിച്ച കോവിഷീൽഡ് ഡെൽറ്റയ്ക്കെതിരെ ഫലപ്രദമാണെന്ന് അന്താരാഷ്ട്ര മെഡിക്കൽ ജേണലായ ലാൻസെറ്റ് നേരത്തേ റിപ്പോർട്ട് ചെയ്തിരുന്നു. കോവിഷീൽഡ് രണ്ട് ഡോസും എടുത്തശേഷം ബ്രസീലിലും സ്കോട്ട്ലാൻഡിലും സമീപകാലത്ത് രോഗവ്യാപനത്തിലുണ്ടായ തോത് കണക്കിലെടുത്താണ് പുതിയ റിപ്പോർട്ട്. കോവിഷീൽഡ് രണ്ട് ഡോസും എടുത്തവർ ബൂസ്റ്റർ ഡോസ് കുത്തിവയ്ക്കണമെന്നും റിപ്പോർട്ട് ശുപാർശ ചെയ്യുന്നു.
ഇന്ത്യയിൽ കോവിഡ് പ്രതിരോധയജ്ഞത്തിന്റെ മുൻനിരയിലുള്ളത് കോവിഷീൽഡ് വാക്സിനാണ്. അതേസമയം, ഒമിക്രോൺ വകഭേദത്തിന് എതിരായ വാക്സിന്റെ പരിരക്ഷയെക്കുറിച്ച് റിപ്പോർട്ടിൽ പരാമർശമില്ല.