ധാക്ക
ഏഷ്യൻ ചാമ്പ്യൻസ് ഹോക്കി ട്രോഫിയിൽ ഇന്ത്യ സെമിയിൽ തോറ്റു.17–-ാം റാങ്കുകാരായ ജപ്പാനോട് 3–-5നാണ് തോൽവി. ലോകറാങ്കിങ്ങിൽ മൂന്നാമതും ടോക്യോ ഒളിമ്പിക്സ് വെങ്കല ജേതാക്കളുമായ ഇന്ത്യയെ ജപ്പാൻ വെള്ളംകുടിപ്പിച്ചു. പ്രാഥമികഘട്ടത്തിൽ കഴിഞ്ഞദിവസം ജപ്പാനെ ആറ് ഗോളിന് തകർത്തെത്തിയവർക്ക് ഇത്തവണ അടിതെറ്റി. മൂന്നാംസ്ഥാനത്തിനായുള്ള പോരാട്ടത്തിൽ ഇന്ത്യ ഇന്ന് പാകിസ്ഥാനെ നേരിടും. പാകിസ്ഥാനെ 6–-5ന് കീഴടക്കിയ ദക്ഷിണ കൊറിയ ഫൈനലിൽ ഇന്ന് ജപ്പാനെ നേരിടും.
അമിത ആത്മവിശ്വാസവുമായാണ് ജപ്പാനെതിരെ ഇന്ത്യ എത്തിയത്. അനായാസജയം കൊതിച്ചവരെ ജപ്പാൻ തരിപ്പണമാക്കി. തുടക്കംമുതൽ ആക്രമണമായിരുന്നു അവരുടെ രീതി. ഫലംകണ്ടു. ഇന്ത്യൻ പ്രതിരോധം ചിതറി. പെനൽറ്റി സ്ട്രോക്കിലൂടെ ഷൊട്ട യമദ തുടക്കംതന്നെ ജപ്പാനെ മുന്നിലെത്തിച്ചു. പിന്നാലെ റയ്കി ഫുജിഷിമയും ലക്ഷ്യംകണ്ടു.
കളിതുടങ്ങി രണ്ടു മിനിറ്റിനുള്ളിലായിരുന്നു ജപ്പാന്റെ രണ്ടു ഗോളും. രണ്ടാം ക്വാർട്ടറിൽ ദിൽപ്രീത് സിങ് ഇന്ത്യക്കായി മറുപടി നൽകി. എന്നാൽ, പ്രതീക്ഷകൾ തെറ്റിച്ച് യൊഷികി കിറിഷിറ്റയും കൊസെയ് കവാബെയും റ്യൊമ ഊകയും ജപ്പാന്റെ ജയമുറപ്പിച്ചു.
ഹർമൻപ്രീതും ഹാർദികും ഇന്ത്യക്കായി ലക്ഷ്യംകണ്ടെങ്കിലും മതിയായില്ല.















