കൊല്ലം
പഞ്ചായത്ത് വൈസ് പ്രസിഡന്റായ വനിതയെ അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്ത പ്രസിഡന്റിനെതിരെ കേസെടുത്തു. പേരയം പഞ്ചായത്ത് പ്രസിഡന്റും കോൺഗ്രസ് നേതാവുമായ അനീഷ് പടപ്പക്കരയ്ക്കെതിരെയാണ് കുണ്ടറ പൊലീസ് കേസെടുത്തത്. മഹിളാ കോൺഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സോഫിയ ഐസക്കാണ് അക്രമത്തിനിരയായത്. പൊലീസ് മൊഴിയെടുത്തു. സംഭവ സമയത്ത് അനീഷ് മദ്യപിച്ചിരുന്നതായി ഇവർ പറഞ്ഞു. പ്രതി മൊഴി നൽകിയിട്ടില്ല. ഉടൻ വിളിപ്പിക്കുമെന്ന് പൊലീസ് അറിയിച്ചു. ചൊവ്വാഴ്ച വൈകീട്ട് ആറിനാണ് സംഭവം. ഈ സമയം പഞ്ചായത്ത് ഓഫീസിലുണ്ടായിരുന്ന ഡ്രൈവറുടെ മൊഴി രേഖപ്പെടുത്തി. പഞ്ചായത്ത് ഓഫീസ് മുറി തുറന്നുകിടക്കുന്നത് കണ്ട് കയറിച്ചെന്ന സോഫിയ ഐസക്കിനെ അനീഷ് അസഭ്യം പറഞ്ഞ് കൈയേറ്റം ചെയ്യുകയായിരുന്നു.
‘കേട്ടാലറയ്ക്കുന്ന തെറി; സാരിയിൽ കയറിപ്പിടിച്ചു’
‘എഴുപത്തിരണ്ടു വയസ്സുള്ള എന്നെ കേട്ടാൽ അറയ്ക്കുന്ന അസഭ്യംവിളിച്ചു, സാരിയിൽ കയറിപ്പിടിച്ചു. നിലവിളിച്ചുകൊണ്ടാണ് ഞാൻ പുറത്തേക്കിറങ്ങി ഓടിയത്. മേശപ്പുറത്ത് ഗ്ലാസുണ്ടായിരുന്നു. കുപ്പിയും കാണും. പെരുമാറ്റം കണ്ടിട്ട് മദ്യപിച്ചിട്ടുണ്ടെന്ന് തോന്നി. അല്ലെങ്കിൽ കുട്ടിക്കാലം മുതലെ കോൺഗ്രസുകാരിയായ എന്നോട് എന്റെ കൊച്ചുമകന്റെ പ്രായമുള്ള പ്രസിഡന്റിന് ഇങ്ങനെ ചെയ്യൊ. വ്യക്തിപരമായി ഒരു വിരോധവുമില്ല. ഈ അധമ സംസ്കാരത്തോട് പ്രതികരിച്ചേപറ്റൂ.
പ്രസിഡന്റ് സ്ഥാനത്തേക്ക് മത്സരിച്ചിരുന്നു. അത് എ ഗ്രൂപ്പിന്റെ നേതാക്കളോട് ആലോചിച്ചാണ്. അസമയത്ത് കതക് തുറന്നുകിടക്കുന്നത് കണ്ടാണ് ഓഫീസ് മുറിയിലേക്ക് കയറിയത്. ഇരിക്കാൻ പറഞ്ഞ ശേഷം കുറേ പുലഭ്യം വിളിച്ചു’–- സോഫിയ പറഞ്ഞു.