ന്യൂഡൽഹി > ഡൽഹിയിൽ ആംആദ്മി പാർട്ടി ആരംഭിച്ച മൊഹല്ല ക്ലിനിക്കിൽ നിന്ന് കുറിച്ചു നൽകിയ മരുന്ന് കഴിച്ച് മൂന്ന് കുട്ടികൾ മരിച്ചതായി ഡയറക്ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസ് റിപ്പോർട്ട്. സംഭവത്തിൽ ഉടൻ അന്വേഷണം നടത്താൻ ഡൽഹി ആരോഗ്യമന്ത്രി സത്യേന്ദർ ജെയിൻ ഉത്തരവിട്ടു. മൂന്ന് ഡോക്ടർമാരുടെ സേവനം അവസാനിപ്പിക്കാനും ഡൽഹി സർക്കാർ തീരുമാനിച്ചതായി ഇന്ത്യൻ എക്സ്പ്രസ് റിപ്പോർട്ട് ചെയ്തു.
മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ കുറിച്ചു നൽകിയ ഡക്സ്ട്രോമെത്തോര്ഫന് എന്ന മരുന്ന് കഴിച്ച് ഒരു വയസിനും ആറ് വയസിനും ഇടയിൽ പ്രായമുള്ള 16 കുട്ടികളെയാണ് കഴിഞ്ഞ ജൂൺ 29 മുതൽ നവംബർ 21വരെയുള്ള തിയതികളിൽ ഡൽഹിയിലെ കലാവതി ആശുപത്രിയിൽ പ്രവേശിപ്പിച്ചത്. ശ്വാസതടസത്തെ തുടർന്ന് ആശുപത്രയിൽ പ്രവേശിപ്പിച്ച കുട്ടികളിൽ മൂന്ന് പേരാണ് ഒക്ടോബർ മാസം മരിച്ചത്.
ജൂലൈയിൽ തന്നെ ആശുപത്രി അധികൃതർ ഇക്കാര്യം കേന്ദ്ര ആരോഗ്യ മന്ത്രാലയത്തെ അറിയിച്ചിരുന്നു. സംഭവത്തിൽ ആരോഗ്യ മന്ത്രാലയം ഒക്ടോബറിൽ അന്വേഷണം ആരംഭിച്ചിരുന്നു. ഇതേ തുടർന്ന് ആരോഗ്യമന്ത്രാലയത്തിന് കീഴിലെ ഡയറക്ടറേറ്റ് ഓഫ് ഹെൽത്ത് സർവീസ് സമർപ്പിച്ച റിപ്പോർട്ടിലാണ് മരുന്ന് കഴിച്ച് കുട്ടികൾ മരിച്ചതടക്കമുള്ള വിവരമുള്ളത്.
നാല് വയസിന് താഴെയുള്ള കുട്ടികൾക്ക് മൊഹല്ല ക്ലിനിക്കിലെ ഡോക്ടർമാർ ഡക്സ്ട്രോമെത്തോര്ഫന് നൽകുന്നത് തടയണമെന്നും മരുന്ന് ക്ലിനിക്കുകളില് നിന്ന് പിന്വലിക്കണമെന്നും ഡയറക്ടറേറ്റ് ഓഫ് ജനറൽ ഹെൽത്ത് സർവീസ് ഡൽഹി സർക്കാരിന് നിർദേശം നൽകിയിരുന്നു. സംഭവത്തിന്റെ ഉത്തരവാദിത്തം ഏറ്റെടുത്ത് ഡല്ഹി മുഖ്യമന്ത്രി അരവിന്ദ് കെജ്രിവാളും ആരോഗ്യ മന്ത്രി സത്യേന്ദര് ജെയിനും രാജിവെക്കണമെന്നും കുട്ടികളുടെ കുടുംബത്തിന് നഷ്ടപരിഹാരം നല്കണമെന്നും ബിജെപിയും കോണ്ഗ്രസും ആവശ്യപ്പെട്ടു.