കൊല്ലം> കോണ്ഗ്രസ് ഭരിക്കുന്ന പേരയം പഞ്ചായത്ത് ഓഫീസിലിരുന്ന് മദ്യപിച്ച പഞ്ചായത്ത് പ്രസിഡന്റ് വനിത വൈസ് പ്രസിഡന്റിനെ കഴുത്തിന് കുത്തിപ്പിടിച്ചു. പേരയം പഞ്ചായത്ത് പ്രസിഡന്റും കോണ്ഗ്രസ് നേതാവുമായ അനീഷ് പടപ്പക്കരയ്ക്കരയാണ് കഴുത്തിന് കുത്തിപ്പിടിച്ചതെന്ന് മഹിളാ കോണ്ഗ്രസ് ജില്ലാ വൈസ് പ്രസിഡന്റ് കൂടിയായ സോഫിയ ഐസക് വാര്ത്താ സമ്മേളനത്തില് പറഞ്ഞു.ഭരണസമിതിയിലുള്ള മറ്റ് ചിലരും അനീഷിനെതിരെ ആരോപണം ഉന്നയിച്ചു.
പഞ്ചായത്ത് ഓഫീസില്വച്ച് കഴുത്തിനു കുത്തിപ്പിടിച്ചും കൈ പിറകിലേക്ക് പിടിച്ചുവലിച്ചും ഉപദ്രവിച്ചെന്നും അസഭ്യം പറഞ്ഞ് ഭീഷണിപ്പെടുത്തിയെന്നും സോഫിയ പറഞ്ഞു. ഈ മാസം ആറിന് വൈകിട്ടാണ് സംഭവം. സംഭവത്തില് പ്രതിഷേധിച്ച് സിപിഐ എം നേതൃത്വത്തില് പഞ്ചായത്ത് ഓഫീസിലേക്ക് മാര്ച്ച് നടത്തി.
സമയം കഴിഞ്ഞും പഞ്ചായത്ത് ഓഫീസ് തുറന്നുകിടക്കുന്നത് കണ്ട് അന്വേഷിച്ചെത്തിയപ്പോഴായിരുന്നു പ്രസിഡന്റിന്റെ മര്ദനം. അനീഷ് മാപ്പുപറയുമെന്ന പ്രതീക്ഷയില് പത്തു ദിവസത്തോളം പരാതി നല്കിയില്ല. 16ന് പൊലീസില് പരാതി നല്കി. കെപിസിസി, ഡിസിസി പ്രസിഡന്റുമാര്ക്കും പ്രതിപക്ഷനേതാവിനും പരാതി നല്കി. പ്രസിഡന്റ് സ്ഥാനത്തുനിന്ന് അനീഷിനെ പുറത്താക്കണം. പ്രസിഡന്റ് സ്ഥാനത്തേക്ക് അനീഷിനെതിരെ മത്സരിച്ചതിലുള്ള വൈരാഗ്യമാണ്. വാര്ഡിലെ വികസന പ്രവര്ത്തനങ്ങള് മുടക്കുകയാണെന്നും ധനകാര്യ സ്ഥിരംസമിതി ചേരാന് അനുവദിക്കുന്നില്ലെന്നും സോഫിയ പറഞ്ഞു.
അനീഷ് വൈസ് പ്രസിഡന്റായിരുന്ന മുന്ഭരണ സമിതിയില് പ്രസിഡന്റായിരുന്ന തനിക്കും ഇത്തരത്തില് അനുഭവമുണ്ടെന്ന് സ്റ്റാന്സി യേശുദാസ് പറഞ്ഞു. ആ ഭരണസമിതില് അംഗമായിരുന്ന ജെസ്പിന് കുട്ടിയും സമാന അനുഭവം ഉണ്ടായതായി പറഞ്ഞു. ജെ ജെസിന്ത, ജോസ് ടെന്സന്, ക്രിസ്റ്റിന്കുട്ടി എന്നിവരും വാര്ത്താസമ്മേളനത്തില് പങ്കെടുത്തു.
അനീഷിനെതിരെ ഉടന് നടപടി വേണം; സിപിഐ എം മാര്ച്ച് നടത്തി
കുണ്ടറ> പേരയം പഞ്ചായത്ത് ഓഫീസിലിരുന്ന് പ്രസിഡന്റ് മദ്യപിച്ചത് ചോദ്യംചെയ്ത വനിതാ പഞ്ചായത്ത് വൈസ് പ്രസിഡന്റിനെ ആക്രമിച്ച സംഭവത്തില് നടപടി ആവശ്യപ്പെട്ട് സിപിഐ എം നേതൃത്വത്തില് പഞ്ചായത്ത് ഓഫീസിലേക്ക് മാര്ച്ച് നടത്തി. ഏരിയ കമ്മിറ്റി അംഗം ജി ഗോപിലാല് ഉദ്ഘാടനംചെയ്തു. ബി സോളമന് അധ്യക്ഷനായി. എ ജെ മാക്സണ്, ജെ ഷാബി, എസ് ശ്യാം, അരുണ്, ഷാജി വട്ടത്തറ, വിക്ടര് ജോണ്, ലീന്, എ ആലീസ്, സില്വിയ സെബാസ്റ്റ്യന് എന്നിവര് സംസാരിച്ചു. പൊലീസില് പരാതി നല്കിയിട്ടും പ്രസിഡന്റ് അനീഷിനെതിരെ നടപടി വൈകുന്നതില് പ്രതിഷേധിച്ചാണ് മാര്ച്ചും ധര്ണയും സംഘടിപ്പിച്ചത്.