ന്യൂഡൽഹി
യുപി അടക്കം അഞ്ച് സംസ്ഥാനത്തെ നിയമസഭാ തെരഞ്ഞെടുപ്പിന് തൊട്ടുമുമ്പായി വോട്ടർ ഐഡി–- ആധാർ ബന്ധിപ്പിക്കൽ ബിൽ മോദി സർക്കാർ തിരക്കിട്ട് പാസാക്കിയതിന്റെ ഉദ്ദേശ്യം ദുരൂഹം. വ്യാജ വോട്ടർമാരെ കണ്ടെത്തി പുറത്താക്കുകയാണ് ലക്ഷ്യമെന്ന് നിയമ മന്ത്രി കിരൺ റിജിജു പറയുന്നെങ്കിലും പുറത്താക്കപ്പെടുക വ്യാജ വോട്ടർമാർ മാത്രമാകുമോയെന്ന ചോദ്യം ഉയരുന്നു.
വോട്ടർ ഐഡിയും ആധാർ കാർഡും ബന്ധിപ്പിക്കാൻ 2015 മാർച്ചിൽ തെരഞ്ഞെടുപ്പ് കമീഷൻ നടപടി തുടങ്ങി. സുപ്രീംകോടതി 2015 ആഗസ്തിൽ സ്റ്റേ ചെയ്യുന്നതുവരെയുള്ള നാലു മാസത്തിൽ 30 കോടിയോളം വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിച്ചു. 2018ലെ തെലങ്കാന നിയമസഭാ തെരഞ്ഞെടുപ്പിൽ 30 ലക്ഷത്തോളവും 2019ലെ ആന്ധ്ര തെരഞ്ഞെടുപ്പിൽ 20 ലക്ഷത്തിലേറെയുംപേർ പട്ടികയിൽനിന്ന് പുറത്തായി. നല്ലൊരു പങ്കും യഥാർഥ വോട്ടർമാരായിരുന്നു. സോഫ്റ്റ്വെയറിലെ പിഴവാണ് കാരണമെന്ന് തെലങ്കാന തെരഞ്ഞെടുപ്പ് ഉദ്യോഗസ്ഥർ പിന്നീട് സമ്മതിച്ചു.
2018ൽ ആധാർ ഭരണഘടനാപരമാണെന്ന് സുപ്രീംകോടതി വിധിച്ചെങ്കിലും വോട്ടർ ഐഡി ബന്ധിപ്പിക്കുന്നതിൽ വ്യക്തത വരുത്തിയിരുന്നില്ല. ബാങ്ക് അക്കൗണ്ട്, മൊബൈൽ കണക്ഷൻ എന്നിവയ്ക്ക് ആധാർ ഉപയോഗിക്കാമെന്ന 2019ൽ സർക്കാർ കൊണ്ടുവന്ന നിയമഭേദഗതി കോടതിയിൽ ചർച്ച ചെയ്യപ്പെട്ടിട്ടുണ്ട്.
സ്വകാര്യതയുടെ ലംഘനമാകുമെന്നും ആൾമാറാട്ട സാധ്യതയുണ്ടെന്നും ആശങ്കയുമുണ്ട്. ഡാറ്റാ സുരക്ഷാപ്രശ്നങ്ങളും നിലനിൽക്കുന്നു. ആന്ധ്രയിലും തെലങ്കാനയിലുമായി 7.8 കോടി പേരുടെ ആധാർ വിവരങ്ങൾ 2019ൽ ചോർന്നിരുന്നു.
വോട്ടർ പട്ടികയുമായി ബന്ധിക്കപ്പെട്ട ആധാർ വിവരങ്ങളാണ് തെലുങ്കുദേശം പാർടിക്കായി പ്രവർത്തിച്ച കമ്പനിക്ക് ചോർന്നുകിട്ടിയത്. വോട്ടർമാരെ തരംതിരിക്കാനും ഓരോ വിഭാഗത്തെ കേന്ദ്രീകരിച്ചുള്ള പ്രചാരണത്തിനും ഇത് ഉപയോഗിച്ചതായാണ് റിപ്പോർട്ടുകൾ. വ്യക്തിയുടെ സ്വകാര്യതയ്ക്കുള്ള അവകാശം നിയന്ത്രിക്കുമ്പോൾ കടന്നുകയറ്റം ഏതെങ്കിലും നിയമത്തിന്റെ അടിസ്ഥാനത്തിലാണോ സർക്കാർ കടന്നുകയറ്റത്തിന് ന്യായമായ ലക്ഷ്യമുണ്ടോ കടന്നുകയറ്റവും അതിന് ഉപയോഗിക്കുന്ന നിയമത്തിന്റെ ലക്ഷ്യവും പരസ്പര പൂരകമാണോ എന്നീ കാര്യങ്ങൾ പരിശോധിക്കണമെന്ന് 2017ൽ സുപ്രീംകോടതി വിധിച്ചിരുന്നു. ഈ പരിശോധന ഇപ്പോഴും ഉയരേണ്ടതുണ്ട്.
ചട്ടങ്ങൾ കാറ്റിൽപ്പറത്തി
ലോക്സഭയിൽ നടപടിക്രമങ്ങളെല്ലാം കാറ്റിൽപ്പറത്തിയാണ് വോട്ടർ ഐഡി ആധാർ ബന്ധിപ്പിക്കൽ ഭേദഗതി ബിൽ മോദി സർക്കാർ പാസാക്കിയത്. തിങ്കളാഴ്ചത്തെ നടപടിക്രമത്തിൽ ബില്ലവതരണം മാത്രമാണ് ഉൾപ്പെടുത്തിയത്. എന്നാൽ, അവതരണത്തിന് പിന്നാലെ സപ്ലിമെന്ററി ലിസ്റ്റിൽ പാസാക്കലും ഉൾപ്പെടുത്തി. ഭേദഗതി നിർദേശത്തിനുള്ള സമയംപോലും അനുവദിച്ചില്ല.
പകൽ 12ന് ബില്ലവതരിപ്പിച്ചപ്പോൾത്തന്നെ പ്രതിപക്ഷം എതിർപ്പറിയിച്ചു. സ്വകാര്യതയിലേക്കുള്ള കടന്നുകയറ്റമാണിതെന്ന് അധിർരഞ്ജൻ ചൗധുരി പറഞ്ഞു. ആധാർ പൗരത്വരേഖയല്ലെന്നും വിലാസം തെളിയിക്കൽ രേഖയാണെന്നും ശശി തരൂർ പറഞ്ഞു. ഉച്ചയ്ക്കുശേഷം സർക്കാർ ബിൽ പാസാക്കാനായെടുത്തു. ഇടതുപക്ഷമടക്കം പ്രതിപക്ഷ പാർടികൾ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. ചർച്ച കൂടാതെ ശബ്ദവോട്ടോടെ സർക്കാർ ബിൽ പാസാക്കി. തെരഞ്ഞെടുപ്പ് കമീഷനും പാർലമെന്റ് സ്റ്റാൻഡിങ് കമ്മിറ്റിയും ആവശ്യപ്പെട്ട പ്രകാരമാണ് വോട്ടർ ഐഡി ആധാറുമായി ബന്ധിപ്പിക്കുന്നതെന്ന് റിജിജു പിന്നീട് മാധ്യമങ്ങളോട് പറഞ്ഞു.
സർക്കാർ നടപടി ഭരണഘടനാ വിരുദ്ധമാണെന്ന് സിപിഐ എം രാജ്യസഭാ നേതാവ് എളമരം കരീം പറഞ്ഞു. ബിൽ പാസാക്കൽ എല്ലാ ചട്ടങ്ങളും മറികടന്നാണെന്ന് എ എം ആരിഫ് എംപി പ്രതികരിച്ചു.
സെലക്ട് കമ്മിറ്റിക്ക് വിടണം: സിപിഐ എം
ദൂരവ്യാപക പ്രത്യാഘാതം സൃഷ്ടിക്കുന്ന തെരഞ്ഞെടുപ്പ് നിയമ ഭേദഗതി ബിൽ ലോക്സഭയിൽ ഒച്ചപ്പാടിനിടെ തിരക്കിട്ട് പാസാക്കിയതിനെ സിപിഐ എം പൊളിറ്റ്ബ്യൂറോ ശക്തിയായി അപലപിച്ചു. അംഗങ്ങൾക്ക് ചർച്ച ചെയ്യാനോ ഭേദഗതികൾ നിർദേശിക്കാനോ അനുവാദം നൽകാത്തത് പാർലമെന്ററി ചട്ടങ്ങളുടെയും നടപടിക്രമങ്ങളുടെയും ലംഘനമാണ്. ബിൽ പരിശോധനയ്ക്കായി സെലക്ട് കമ്മിറ്റിക്ക് അയക്കാമെന്നാണ് രാവിലെ പ്രതിപക്ഷ നേതാക്കളോട് പറഞ്ഞത്. എന്നാൽ, ഉച്ചയ്ക്കുശേഷം അധിക അജൻഡയായി ബിൽ ഉൾപ്പെടുത്തുകയും തിരക്കിട്ട് പാസാക്കുകയും ചെയ്തുരഹസ്യ ബാലറ്റ് എന്ന തത്വം അട്ടിമറിക്കാനും വോട്ടറുടെ സ്വകാര്യത സംരക്ഷിക്കാനുള്ള മൗലികാവകാശം നിഷേധിക്കാനും വഴിയൊരുക്കുമെന്ന ഭീഷണി ബിൽ ഉയർത്തുന്നു.
രാജ്യസഭയിലും ബിൽ ഇതേ രീതിയിൽ പാസാക്കിയെടുക്കാനുള്ള സാധ്യത പ്രതിപക്ഷ കക്ഷികൾ ഒറ്റക്കെട്ടായി ചെറുക്കണം. ബിൽ സെലക്ട് കമ്മിറ്റിയുടെ പരിശോധനയ്ക്ക് അയക്കാൻ ആവശ്യപ്പെടണമെന്നും പിബി ആവശ്യപ്പെട്ടു.