അമേരിക്കൻ സാമ്രാജ്യത്വത്തിന്റെ ജനാധിപത്യഹത്യകൾക്കും തെരഞ്ഞെടുപ്പ് അട്ടിമറിനീക്കങ്ങളെയും ചെറുത്തുതോൽപ്പിക്കുകയാണ് ലാറ്റിൻ അമേരിക്ക. സോഷ്യലിസ്റ്റ് പ്രസ്ഥാനങ്ങളും ഇടതുപക്ഷവും തെരഞ്ഞെടുപ്പിൽ വിജയം നേടുന്നു. ഹോണ്ടുറാസും നിക്കരാഗ്വയും ചിലിയും ഇടതുപക്ഷമനസ്സ് തുറന്നുകാട്ടി. വെനസ്വേലൻ പ്രവിശ്യാതെരഞ്ഞെടുപ്പും ജനതയുടെ ഇടതുപക്ഷപാതിത്വം വെളിപ്പെടുത്തി. കരിമ്പട്ടികയിൽപെടുത്തി ഭരണം അസ്ഥിരപ്പെടുത്താൻ അമേരിക്ക നിരന്തരമായി നടത്തുന്ന ശ്രമങ്ങളാണ് ലാറ്റിനമേരിക്കയില് പരക്കെ പരാജയപ്പെടുന്നത്.
ഹോണ്ടുറാസിൽ പ്രസിഡന്റായിരുന്ന മാന്വൽ സെലായയെ 2009ൽ അട്ടിമറിച്ചത് അമേരിക്കൻ പ്രസിഡന്റായിരുന്ന ഒബാമയും വിദേശസെക്രട്ടറി ഹിലരി ക്ലിന്റണും ചേർന്നായിരുന്നു. അമേരിക്കയ്ക്ക് വഴങ്ങാത്തതും ഹ്യൂഗോ ഷാവേസുമായി അടുത്തുമായിരുന്നു കാരണം. ബൈഡന് സർക്കാർ നിക്കരാഗ്വയ്ക്കെതിരെ സാമ്പത്തിക–- നയതന്ത്ര വരിഞ്ഞുമുറുക്കല് തുടരുന്നതിനിടെയാണ് തുടർച്ചയായി നാലാം തവണയും ഡാനിയേല് ഒര്ട്ടേഗ അധികാരത്തിലെത്തിയത്. വെനസ്വേലയില് ഇടതുപക്ഷ ഭരണം ഇല്ലാതാക്കാനുള്ള ശ്രമം വിലപ്പോകില്ലെന്ന് പ്രവിശ്യാ ഗവർണർസ്ഥാനത്തേക്കും നഗരസഭകളിലേക്കും നവംബർ 21ന് നടന്ന തെരഞ്ഞെടുപ്പ് അടിവരയിട്ടു.
അപ്രമാദിത്വം അംഗീകരിക്കാത്തവരെ ലാറ്റിനമേരിക്കയില് വച്ചുപൊറുപ്പിക്കില്ലെന്നാണ് അമേരിക്കന് നയം. വെല്ലുവിളിച്ചുവന്നവരെ ഒതുക്കാന് പട്ടാളത്തെ ഇറക്കും, അല്ലെങ്കില് പണംനല്കി രാജ്യത്ത് കലാപം സംഘടിപ്പിക്കും. ഇപ്പോഴും അതേ തന്ത്രം പയറ്റുന്നെങ്കിലും പണ്ടേപോലെ ഫലം കാണുന്നില്ല.
ബ്രസീല്, കൊളംബിയ
ചുവക്കും
ബ്രസീലിൽ നടക്കാനിരിക്കുന്ന പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ഇടതുപക്ഷ വർക്കേഴ്സ് പാർടിയുടെ സ്ഥാനാർഥിയായി മത്സരിക്കുന്ന ലുല വിജയിക്കുമെന്നാണ് പ്രവചനം. 60 ശതമാനം പേരും പ്രസിഡന്റ് സ്ഥാനത്തേക്ക് ജയിർ ബൊൾസനാരോക്ക് വോട്ട് നൽകില്ലെന്ന് പ്രഖ്യാപിച്ചു കഴിഞ്ഞു. കൊളംബിയയിലും അടുത്ത വർഷം തെരഞ്ഞെടുപ്പ് നടക്കുകയാണ്. പ്രസിഡന്റ് തെരഞ്ഞെടുപ്പിൽ ബൊഗോട്ടയിലെ മുൻ മേയറും ഇടതുപക്ഷ സഖ്യത്തിന്റെ സ്ഥാനാർഥിയുമായ ഗുസ്താവോ പെട്രോ വിജയിക്കുമെന്നാണ് സർവേ ഫലം