ഗാന്ധിനഗർ> നാനൂറ് കോടി രൂപ വിലമതിക്കുന്ന 77 കിലോ ഹെറോയിനുമായി പാക് മീൻപിടിത്ത ബോട്ട് ഗുജറാത്ത് തീരത്തുനിന്ന് പിടികൂടി. ബോട്ടിലെ ആറ് ജീവനക്കാരെയും കസ്റ്റഡിയിലെടുത്തു. കോസ്റ്റ് ഗാർഡും ഗുജറാത്ത് തീവ്രവാദ വിരുദ്ധ സേനയും (എടിഎസ്) സംയുക്തമായി നടത്തിയ ഓപ്പറേഷനിലാണ് ഞായറാഴ്ച അർധരാത്രിയോടെ ബോട്ട് പിടികൂടിയത്. പഞ്ചാബിലെ ചില ലഹരികടത്ത് സംഘത്തിനുവേണ്ടിയാണ് ഹെറോയിൻ കൊണ്ടുവന്നതെന്നും ബോട്ടിലെ ജീവനക്കാർ മൊഴി നൽകി.
2018 ആഗസ്തിനും 2021 ഡിസംബറിനുമിടയിൽ വിവിധ ഓപ്പറേഷനുകളിലൂടെ 920 കിലോ മയക്കുമരുന്ന് പിടിച്ചെടുത്തതായി എടിഎസ് അറിയിച്ചു.സെപ്തംബറിൽ മുന്ദ്ര തുറമുഖത്ത് രണ്ട് കണ്ടെയ്നറിൽ നിന്ന് 21,000 കോടി രൂപ വിലയുള്ള 3000 കിലോ ഹെറോയിൻ പിടിച്ചെടുത്തു.