കേസിൽ രണ്ട് ബിജെപി പ്രവർത്തകർ അറസ്റ്റിലായിരുന്നു. മണ്ണഞ്ചേരി സ്വദേശി പ്രസാദ്, വെൺമണി സ്വദേശി രതീഷ് എന്ന കൊച്ചുകുട്ടൻ എന്നിവരാണ് പിടിയിലായത്. രണ്ടു പ്രതികളേയും റിമാൻഡ് ചെയ്തു.
ശനിയാഴ്ചയാണ് എസ്ഡിപിഐ സംസ്ഥാന സെക്രട്ടറി കെ എസ് ഷാനിനെ ആർഎസ്എസ് സംഘം വെട്ടി കൊലപ്പെടുത്തിയത്. മണ്ണഞ്ചേരി പൊന്നാടുള്ള വീട്ടിലേക്ക് സ്കൂട്ടറിൽ പോകുമ്പോൾ കാറിലെത്തിയ കൊലയാളികൾ ഷാനിനെ ഇടിച്ചു വീഴ്ത്തിയ ശേഷം അതിക്രൂരമായി വെട്ടി കൊലപ്പെടുത്തുകയായിരുന്നു. നാൽപ്പതിൽ അധികം വെട്ടുകളാണ് ഷാനിനേറ്റത്. കഴുത്തിലേറ്റ വെട്ടാണ് മരണകാരണം.
കണിച്ചുകുളങ്ങര ക്ഷേത്രത്തിനു സമീപത്തു നിന്നും ഷാനിനെ കൊലപ്പെടുത്തിയ പ്രതികൾ ഉപയോഗിച്ചതെന്നു കരുതുന്ന വാഹനം കണ്ടെത്തിയിട്ടുണ്ട്. മാരാരിക്കുളം പോലീസ് കാർ പരിശോധിച്ചു. കൊലയാളികൾ വാടകയ്ക്കെടുത്ത കാറാണിത്. ശബരിമല യാത്രയ്ക്കെന്നു പറഞ്ഞാണ് സംഘം കാർ സംഘടിപ്പിച്ചത്.
അതേസമയം ഒബിസി മോർച്ച സംസ്ഥാന സെക്രട്ടറി രഞ്ജിത്ത് ശ്രീനിവാസനെ കൊലപ്പെടുത്തിയ സംഘത്തിലെ ആരെയും ഇതുവരെ പിടികൂടാൻ സാധിച്ചിട്ടില്ല.
അതേസമയം രഞ്ജിത്ത് ശ്രീനിവാസന് ജന്മനാട് കണ്ണീരോടെ വിട നല്‍കി. ജില്ലയിലെ വിവിധ പ്രദേശങ്ങളിൽ നിന്നുമെത്തിയ ആയിരക്കണക്കിന് പ്രവര്‍ത്തകര്‍ക്കൊപ്പം നാട്ടുകാരും രഞ്ജിത്തിനെ ഒരു നോക്ക് കാണാനെത്തി. ആറാട്ടുപുഴ വല്യഴീക്കലിലെ കുടുംബ വീടായ കുന്നുംപുറത്ത് വീട്ടിൽ ജനനിബിഢമായിരുന്ന അന്തരീക്ഷത്തിലാണ് സംസ്‌ക്കാരം നടന്നത്.