കോഴിക്കോട്:വടകര താലൂക്ക് ഓഫീസിലുണ്ടായ അഗ്നിബാധയെക്കുറിച്ചു സമഗ്ര അന്വേഷണം നടത്തി യഥാർഥ കുറ്റവാളികളെ നിയമത്തിന് മുൻപിൽ കൊണ്ടുവരണമെന്ന് മുൻ കെ.പി.സി.സി പ്രസിഡന്റ് മുല്ലപ്പള്ളി രാമചന്ദ്രൻ ആവശ്യപ്പെട്ടു.
നിലവിൽ പ്രതി ചേർത്ത ആന്ധ്രാ സ്വദേശി തെരുവിൽ കഴിയുന്ന ഒരാളാണ്. തണുപ്പ് മാറ്റാൻ താലൂക്ക് ഓഫീസിന് തീയിട്ടെന്ന ഇയാളുടെ വാദം വിചിത്രവും അവിശ്വസനീയവുമാണ്. ഇയാളെ പ്രതി ചേർത്ത് കസ്റ്റഡിയിലെടുത്തിട്ടും വീണ്ടും എങ്ങിനെ താലൂക്ക് ഓഫീസിൽ തീപിടിച്ചെന്ന് മുല്ലപ്പള്ളി ചോദിച്ചു.
ജനങ്ങളുടെ കണ്ണിൽ പൊടിയിടാനുള്ള അന്വേഷണമാണ് നടത്തുന്നത്. രണ്ട് ജില്ലാ സ്വഭാവമുള്ള കോടതികളടക്കം നിരവധി കോടതികളും, ഓഫീസുകളും പ്രവർത്തിക്കുന്ന സ്ഥലമാണിത്. നൂറു വർഷത്തിലേറെ പഴക്കമുള്ള വടകര താലൂക്ക് ഓഫീസിൽ ബ്രിട്ടീഷ്കാരുടെ കാലത്തടക്കമുള്ള നിരവധി ഫയലുകൾ സൂക്ഷിച്ചിട്ടുണ്ട്. ഇതാണ് കത്തിയത്.
എന്നാൽ ഇവിടെ സി.സി.ടി.വിയോ സുരക്ഷാ സംവിധാനമോ ഒരുക്കാൻ കഴിയാത്തതും ഗുരുതര വീഴ്ചയാണെന്നാണ് അദ്ദേഹം ചൂണ്ടിക്കാട്ടി. തലസ്ഥാനത്ത് സെക്രട്ടറിയേറ്റിൽ സുപ്രധാന പ്രോട്ടോക്കോൾ രേഖകൾ കത്തിയിരുന്നു. ആ അന്വേഷണം എവിടയും എത്തിയില്ല. അതേ ഉദാസീനത ഇവിടെയും തുടരുകയാണ്. എല്ലാം തേച്ചുമായ്ച്ചു കളയാനുള്ള സമീപനമാണ് ഇവിടെയെന്നു അദ്ദേഹം കൂട്ടിച്ചേർത്തു. ഈ ഒരു സാഹചര്യത്തിൽ സമഗ്ര അന്വേഷണം ആവശ്യമാണെന്ന് മുല്ലപ്പള്ളി വ്യക്തമാക്കി.
Content Highlights: Mullappally Ramachandran,Vadakara taluk office fire