ബംഗളൂരു> ആർ ശ്രീനിവാസനഗറിൽ വച്ച് നടന്ന സി പി ഐ എം ഐ ടി ഫ്രണ്ട് ലോക്കൽ സമ്മേളനം സംസ്ഥാന കമ്മിറ്റി അംഗവും സിഐടി യു ജനറൽ സെക്രട്ടറിയുമായ മീനാക്ഷി സുന്ദരം ഉദ്ഘാടനം ചെയ്തു. ലോക്കൽ സെക്രട്ടറിയായി സൂരജ് നിടിയങ്ങയെ വീണ്ടും തിരഞ്ഞെടുത്തു. 11 അംഗ ലോക്കൽ കമ്മിറ്റിയെയും 12 സംസ്ഥാന സമ്മേളന പ്രതിനിധികളെയും സമ്മേളനം തിരഞ്ഞെടുത്തു.
സമ്മേളനനഗരിയിൽ മുതിർന്ന അംഗം തന്മയ് ഘോഷ് പതാക ഉയർത്തിയതോടെയാണ് സമ്മേളന നടപടികൾ ആരംഭിച്ചത്. പാർട്ടി സംസ്ഥാന കമ്മറ്റി അംഗം വസന്തരാജ് പങ്കെടുത്തു.
കഴിഞ്ഞ പാർട്ടി കോൺഗ്രസ് സമയത്ത് ഉണ്ടായിരുന്ന 1 ബ്രാഞ്ചിൽ നിന്ന് 9 ബ്രാഞ്ചുകളായി വളരാൻ ഐ.ടി ഫ്രണ്ടിനായി. 9 ബ്രാഞ്ച് സമ്മേളനങ്ങളും പൂർത്തീകരിച്ച ശേഷമാണ് ലോക്കൽ സമ്മേളനത്തിലേക്ക് പാർട്ടി കടന്നത്. ഇക്കാലയളവിൽ ഐ.ടി. ഫ്രണ്ടിന് കീഴിലെ പാർട്ടി അംഗങ്ങളുടെ എണ്ണം 22 ൽ നിന്നും 111 ആയി വർധിച്ചു.
തൊഴിലാളിവിരുദ്ധ ലേബർകോഡിനെതിരായ പോരാട്ടത്തിൽ അണിചേരാൻ തൊഴിലാളികളോട് സമ്മേളനം ആഹ്വാനം ചെയ്തു. ഐ.ടി കമ്പനികളിൽ ഏകപക്ഷീയമായി നോട്ടീസ് പിരീഡ് ദീർഘിപ്പിക്കുന്ന നടപടിയിൽ സമ്മേളനം ശക്തമായ പ്രതിഷേധം രേഖപ്പെടുത്തി.