മനാമ > പ്രമുഖ യുഎഇ വ്യവസായിയും ശതകോടീശ്വരനുമായ മാജിദ് അല്‍ ഫുത്തൈം അന്തരിച്ചു. 91 വയസായിരുന്നു. റീട്ടൈയ്ല്‍, റിയല്‍ എസ്റ്റേറ്റ് രംഗത്ത് അതികായനായ അദ്ദേഹം 1992ലാണ് മാജിദ് അല്‍ ഫുത്തൈം ഗ്രൂപ്പ് സ്ഥാപിച്ചത്. മലയാളികളടക്കം ആയിരകണക്കിന് പേര്‍ക്ക് ഈ സ്ഥാപനങ്ങളില്‍ തൊഴില്‍ നല്കുന്നു.
യുഎഇക്ക് പുറമെ ഏഷ്യയിലെയും ആഫ്രിക്കയിലെയും നിരവധി രാജ്യങ്ങളില്‍ ഫുത്തൈം ഗ്രൂപ്പിന് സ്ഥാപനങ്ങളുണ്ട്. 13 രാജ്യങ്ങളില്‍ പ്രവര്‍ത്തിക്കുന്ന അല്‍ ഫുതൈം ഗ്രൂപ്പ് മിഡില്‍ ഈസ്റ്റിലും വടക്കേ ആഫ്രിക്കയിലും ഷോപ്പിംഗ് മാളുകള്‍, റീട്ടെയില്‍, വിനോദ സ്ഥാപനങ്ങള്‍ എന്നിവ നടത്തുന്നു. മാജിദ് അല്‍ ഫുത്തൈം പ്രോപ്പര്‍ട്ടീസ്, മാജിദ് അല്‍ ഫുത്തൈം റീട്ടെയില്‍, മജീദ് അല്‍ ഫുത്തൈം വെഞ്ച്വേഴ്സ് എന്നിവയാണ് പ്രധാന സ്ഥാപനങ്ങള്‍.
ഫോര്‍ബ്സിന്റെ 2021ലെ 360 കോടി ഡോളറിന്റെ ആസ്തിയുള്ള ലോകത്തിലെ ഏറ്റവും മികച്ച 10 അറബ് വ്യവസായികളുടെ പട്ടികയില്‍ അദ്ദേഹവും ഇടപിടിച്ചു. ദുബായിലെ മാള്‍ ഓഫ് എമിറേറ്റ്സ്, ഗള്‍ഫിലെ കാര്‍ഫോര്‍ റീട്ടൈല്‍ ശൃഖല തുടങ്ങി നിരവധി സ്ഥാപനങ്ങളുടെ സ്ഥാപകനാണ്. ദുബായ് രണാധികാരി ഷെയ്ഖ് മുഹമ്മദ് ബിന്‍ റാശിദ് ആല് മക്തൂമാണ് ട്വിറ്ററിലൂടെ മരണ വിവരം പുറത്തുവിട്ടത്. ദുബായിലെ ഏറ്റവും പ്രധാനപ്പെട്ട ബിസിനസുകാരനും പൗരപ്രമുഖനുമായിരുന്നു മാജിദ് അല്‍ ഫുത്തൈമെന്ന് ഷെയ്ഖ് മുഹമ്മദ് അനുസ്മരിച്ചു.