അഡ്ലെയ്ഡ് ഓവൽ
രണ്ടാം ആഷസ് ടെസ്റ്റിലും ഓസ്ട്രേലിയ ഇംഗ്ലണ്ടിന്റെ വേരറുക്കുന്നു. ഒന്നാം ഇന്നിങ്സിൽ ഒമ്പതിന് 473 റണ്ണിന് ഡിക്ലയർ ചെയ്ത ഓസീസ് രണ്ടാംദിനം 17 റണ്ണെടുക്കുന്നതിനിടെ ഇംഗ്ലണ്ടിന്റെ രണ്ട് വിക്കറ്റെടുത്തു.
സെഞ്ചുറി നേടിയ മാർണസ് ലബുഷെയ്നും (103) സെഞ്ചുറിക്ക് അരികെ പുറത്തായ ക്യാപ്റ്റൻ സ്റ്റീവൻ സ്മിത്തും (93) ചേർന്നാണ് ഓസീസിനെ ഒന്നാം ഇന്നിങ്സിൽ മികച്ച സ്കോറിലെത്തിച്ചത്. ലബുഷെയ്നിന്റെ ആദ്യ ആഷസ് സെഞ്ചുറിയായിരുന്നു ഇത്. വിക്കറ്റ് കീപ്പർ അലെക്സ് കാരി (51), മിച്ചെൽ സ്റ്റാർക് (39), അരങ്ങേറ്റക്കാരൻ മിച്ചെൽ നെസെർ (35) എന്നിവർ അവസാനഘട്ടത്തിൽ ഓസീസിന് കൂറ്റൻ സ്കോറൊരുക്കി. പകൽ–രാത്രി ടെസ്റ്റിൽ മൂന്ന് സെഞ്ചുറി നേടുന്ന ആദ്യ കളിക്കാരനാണ് ലബുഷെയ്ൻ.
രണ്ടാംദിനം അവസാനഘട്ടത്തിൽ ഓസീസ് ഇന്നിങ്സ് ഡിക്ലയർ ചെയ്തു. ഒമ്പതോവർ ഇംഗ്ലണ്ടിനെ ബാറ്റിങ്ങിന് അയച്ചു. ഇതിനിടെ, ഹസീബ് ഹമീദ് (6), റോറി ബേൺസ് (4) എന്നിവരെ ഇംഗ്ലണ്ടിന് നഷ്ടമായി. സ്റ്റാർക്കും നെസെറും ഓരോ വിക്കറ്റെടുത്തു. നാലു റണ്ണുമായി ക്യാപ്റ്റൻ ജോ റൂട്ടും ഒരു റണ്ണോടെ ഡേവിഡ് മലാനുമാണ് ക്രീസിൽ.















