ഒല്ലൂർ
കൂനൂരിലെ ഹെലികോപ്റ്റർ അപകടത്തിൽ മരിച്ച വ്യോമസേന ജൂനിയർ വാറന്റ് ഓഫീസർ എ പ്രദീപിന്റെ ഭാര്യ ശ്രീലക്ഷ്മിക്ക് ജോലി നൽകാനും അച്ഛന് ചികിത്സാ ധനസഹായം നൽകാനുമുള്ള സർക്കാർ ഉത്തരവ് കൈമാറി. റവന്യുമന്ത്രി കെ രാജൻ പുത്തൂരിലെ വീട്ടിലെത്തി ഉത്തരവുകൾ കൈമാറി.
കുടുംബത്തിന് ഒരാഴ്ചയ്ക്കുള്ളിൽ സർക്കാർ സഹായം നൽകാൻ കഴിഞ്ഞെന്ന് മന്ത്രി പറഞ്ഞു. പ്രദീപിന്റെ ഭാര്യയുടെ വിദ്യാഭ്യാസ യോഗ്യതയ്ക്കനുസരിച്ച് ജില്ലയിൽ തന്നെ റവന്യു വകുപ്പിൽ ജോലിനൽകും. ഇതിനുള്ള നടപടി കലക്ടർ സ്വീകരിക്കും. പ്രദീപിന്റെ അച്ഛന്റെ ചികിത്സാ സഹായത്തിനുള്ള തുക കലക്ടറുടെ പ്രത്യേക ഫണ്ടിലെത്തി. അടുത്ത ദിവസം കുടുംബത്തിന്റെ അക്കൗണ്ടിലേയ്ക്ക് മാറ്റുമെന്നും മന്ത്രി അറിയിച്ചു.
പ്രദീപിന്റെ കുടുംബത്തിന് ധനസഹായമായി അഞ്ചുലക്ഷവും അച്ഛന്റെ ചികിത്സയ്ക്ക് മുഖ്യമന്ത്രിയുടെ ദുരിതാശ്വാസ നിധിയിൽനിന്ന് മൂന്നുലക്ഷവുമാണ് സർക്കാർ പ്രഖ്യാപിച്ചത്. മൂന്നുലക്ഷം രൂപയാണ് അടിയന്തരമായി കൈമാറുക. ജില്ലാ പഞ്ചായത്ത് അംഗങ്ങളായ കെ വി സജു, ജോസഫ് ടാജറ്റ്, കലക്ടർ ഹരിത വി കുമാർ എന്നിവരും മന്ത്രിക്കൊപ്പമുണ്ടായി.