ബലഗവി
കർണാടക നിയമസഭയിൽ മുതിര്‍ന്ന കോൺഗ്രസ് നേതാവും എംഎൽഎയുമായ കെ ആർ രമേഷ് കുമാറിന്റെ സ്ത്രീവിരുദ്ധ പരാമർശത്തില്‍ വ്യാപക പ്രതിഷേധം. “രക്ഷപ്പെടാനോ ഒഴിവാക്കാനോ കഴിഞ്ഞില്ലെങ്കിൽ ബലാത്സംഗം ആസ്വദിക്കണം’ എന്നാണ് എംഎല്‍എ തട്ടിവിട്ടത്. സ്പീക്കർ വിശ്വേശർ ഹെഗ്ഡെ കഗേരിയും മറ്റു പുരുഷ അംഗങ്ങളും ഇതുകേട്ട് ചിരിച്ചു. വിവാദമായതോടെ മാപ്പുപറഞ്ഞ് തടിയൂരാനായി എംഎൽഎയുടെ ശ്രമം.
നിയമസഭയിൽ മഴക്കെടുതിയും കർഷകരുടെ പ്രശ്നവും ചർച്ച ചെയ്യവേ സ്പീക്കർക്ക് ബഹളം നിയന്ത്രിക്കാനാകാതെ വന്നപ്പോഴായിരുന്നു എംഎൽഎയുടെ വിവാദ പ്രസ്താവന. പിന്നാലെ വനിതാ അംഗങ്ങൾ സഭയുടെ നടുത്തളത്തിലിറങ്ങി പ്രതിഷേധിച്ചു. വിഷയം വലിയ പ്രശ്നമാക്കരുതെന്നായിരുന്നു സ്പീക്കർ വനിതാ എംഎൽഎമാർക്ക് നൽകിയ നിർദേശം.