ന്യൂഡൽഹി
രാജ്യസഭയിലെ സിപിഐ എം നേതാവ് എളമരം കരീം, സിപിഐ നേതാവ് ബിനോയ് വിശ്വം തുടങ്ങി 12 എംപിമാരെ ചട്ടവിരുദ്ധമായി സസ്പെൻഡ് ചെയ്തതിനെതിരായ പ്രതിപക്ഷ പ്രതിഷേധത്തിൽ രാജ്യസഭ വെള്ളിയാഴ്ചയും സ്തംഭിച്ചു. സർക്കാരും പ്രതിപക്ഷവും ചർച്ച ചെയ്ത് സസ്പെൻഷൻ വിഷയം പരിഹരിക്കണമെന്ന് സഭാധ്യക്ഷൻ വെങ്കയ്യ നായിഡു ആവർത്തിച്ചു. ചർച്ചയ്ക്ക് വഴിയൊരുക്കാൻ സഭ പിരിയുകയാണെന്നും തിങ്കളാഴ്ച ചേരുമെന്നും വെങ്കയ്യ പറഞ്ഞു.
സഭാ നേതാവ് പീയുഷ് ഗോയലുമായും മുതിർന്ന പ്രതിപക്ഷ നേതാക്കളുമായും സംസാരിച്ചെന്നും സമവായത്തിൽ എത്തണമെന്ന് അഭ്യർഥിച്ചെന്നും അദ്ദേഹം വിശദീകരിച്ചു. ചർച്ചയില്ലെന്ന പിടിവാശിയിലാണ് കേന്ദ്ര സർക്കാർ. ലോക്സഭയും ലഖിംപുർ ഖേരി വിഷയത്തിൽ സ്തംഭിച്ചു. പ്രധാനമന്ത്രിയുടെ പ്രിൻസിപ്പൽ സെക്രട്ടറി മുഖ്യതെരഞ്ഞെടുപ്പ് കമീഷണറുമായും കമീഷൻ അംഗങ്ങളുമായും ഓൺലൈൻ ചർച്ച നടത്തിയതും പ്രതിപക്ഷം ഉയർത്തി. വാടകഗർഭപാത്ര നിയന്ത്രണബിൽ പാസാക്കി.
ഗാന്ധി പ്രതിമയ്ക്കു മുന്നിൽ സസ്പെൻഡ് ചെയ്യപ്പെട്ട എംപിമാർ പ്രതിഷേധം തുടർന്നു. എംപിമാർ വെള്ളിയാഴ്ച മോക്ക് പാർലമെന്റ് സംഘടിപ്പിച്ചു. എളമരം കരീം അധ്യക്ഷനായി. ജനകീയ വിഷയങ്ങൾ ഉയർത്തിയ തങ്ങളെ സസ്പെൻഡ് ചെയ്തെന്നും ലഖിംപുർ ഖേരിയിൽ കർഷകരെ കൊലപ്പെടുത്തിയ മന്ത്രി അധികാരത്തിൽ തുടരുകയാണെന്നും ‘പ്രതിപക്ഷം’ ചൂണ്ടിക്കാട്ടി.