ന്യൂഡൽഹി
രാജ്യത്ത് ഒമിക്രോൺ കേസ് 100 കടന്നു. 11 സംസ്ഥാനത്തായി 101 പേർക്ക് ഒമിക്രോൺ സ്ഥിരീകരിച്ചെന്ന് കേന്ദ്ര ആരോഗ്യമന്ത്രാലയം ജോയിന്റ് സെക്രട്ടറി ലവ് അഗർവാൾ അറിയിച്ചു. 91 രാജ്യത്ത് വൈറസ് സ്ഥിരീകരിച്ചിട്ടുണ്ട്. ദക്ഷിണാഫ്രിക്കയിൽ ഡെൽറ്റയേക്കാൾ വേഗത്തിൽ ഒമിക്രോൺ പടരുന്നതായി ലോകാരോഗ്യ സംഘടന അറിയിച്ചിട്ടുണ്ട്. ഒരുപക്ഷേ, വ്യാപനത്തിന്റെ കാര്യത്തിൽ ഒമിക്രോൺ ഡെൽറ്റയെ മറികടക്കുമെന്നും ഡബ്ല്യുഎച്ച്ഒ നിരീക്ഷിച്ചിട്ടുണ്ടെന്നും അഗർവാൾ പറഞ്ഞു.
അനാവശ്യ യാത്രകൾ ഒഴിവാക്കണമെന്ന് ഐസിഎംആർ ഡയറക്ടർ ജനറൽ ഡോ. ബൽറാം ഭാർഗവ പറഞ്ഞു. വലിയ ആൾക്കൂട്ടങ്ങളും ആഘോഷങ്ങളും പാടില്ല.- ഡൽഹിയിൽ നാല് കേസുകൂടി സ്ഥിരീകരിച്ചു. ആകെ കേസ് ഇരുപതായി. ഇതിൽ 10 പേർ രോഗമുക്തി നേടി. പത്തുപേരാണ് ചികിത്സയിലുള്ളത്. ഒമിക്രോൺ സംശയത്തിൽ 40 പേർ ഡൽഹി എൽഎൻജെപി ആശുപത്രിയിൽ ചികിത്സയിലുണ്ട്.