ന്യൂഡൽഹി
ബംഗ്ലാദേശ് വിമോചനത്തിന്റെ 50–-ാം- വാർഷിക ദിനത്തിൽ ഇന്ത്യൻ സൈന്യത്തിന് പാർലമെന്റിന്റെ ഇരുസഭയുടെയും ആദരം. ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമര സേനാനികൾക്കും ഇരുസഭയും ആദരം നേർന്നു. ഇന്ത്യൻ സേനകളും ബംഗ്ലാദേശിലെ സ്വാതന്ത്ര്യസമര സേനാനികളും അതീവ ധീരതയാണ് പ്രകടിപ്പിച്ചതെന്ന് ലോക്സഭാ സ്പീക്കർ ഓം ബിർള അനുസ്മരിച്ചു.
1971ൽ ഇന്ത്യൻ സൈന്യം പ്രകടിപ്പിച്ച അങ്ങേയറ്റത്തെ ധീരതയും പോരാട്ട വീറും രാജ്യമാകെ അഭിമാനത്തോടെയും ആവേശത്തോടെയുമാണ് സ്മരിക്കുന്നതെന്ന് രാജ്യസഭാധ്യക്ഷൻ വെങ്കയ്യ നായിഡു പറഞ്ഞു.
ധീരയോദ്ധാക്കളെ സ്മരിച്ച് രാഷ്ട്രം
1971ലെ യുദ്ധവിജയത്തിന്റെ സുവര്ണജൂബിലി ദിനം സ്വര്ണിം വിജയ് വര്ഷ് ആയി രാജ്യം ആഘോഷിച്ചു. ദേശീയ യുദ്ധസ്മാരകത്തിൽ എത്തി പ്രധാനമന്ത്രി നരേന്ദ്ര മോദി ജീവത്യാഗം ചെയ്ത സൈനികരെ അനുസ്മരിച്ചു.
പ്രതിരോധ മന്ത്രി രാജ്നാഥ് സിങും മൂന്ന് സേനാ വിഭാഗത്തിന്റെയും തലവൻമാരും സ്മാരകത്തിൽ എത്തി. ഒരു വർഷംമുമ്പ് പ്രധാനമന്ത്രി തെളിച്ച് ഇന്ത്യയുടെ വിവിധ ഭാഗങ്ങളിൽ സഞ്ചരിച്ച നാല് ദീപശിഖകൾ സ്മാരകത്തിലെ ദീപത്തിൽ ലയിപ്പിച്ചു. 1971ലെ യുദ്ധത്തിന്റെ ഭാഗമായി പരംവീര ചക്ര, മഹാവീരചക്ര ബഹുമതികൾ നേടിയ ജവാൻമാരുടെ ഗ്രാമങ്ങളിൽ ഉൾപ്പെടെ സഞ്ചരിച്ചാണ് ദീപശിഖകൾ തിരിച്ചെത്തിയത്. ദിനാചരണത്തോട് അനുബന്ധിച്ച് പ്രത്യേക സ്റ്റാമ്പും കവറും പുറത്തിറക്കി.