കൊച്ചി : ഉയർന്ന നിലവാരമുള്ള പ്രാദേശിക സിനിമകൾക്ക് അർഹമായ ഇടവും ദൃശ്യപരതയും നൽകാൻ ലക്ഷ്യമിട്ടു കൊണ്ടുള്ള ഒരു പ്രാദേശിക ഒ ടി ടി പ്ലാറ്റ്ഫോമാണ് എം ടാക്കി. ലോകമെമ്പാടുമുള്ള പ്രേക്ഷകരിലേക്ക് പ്രാദേശിക സിനിമകളെ എത്തിക്കാൻ ലക്ഷ്യമിടുകയാണ് ഉദ്ധ്യേശ ലക്ഷ്യം.
2019-ൽ ഗോവൻ ഇന്റർനാഷണൽ ഫിലിം ഫെസ്റ്റിവലിൽ ഇന്ത്യൻ പനോരമ യിലേക്ക് തിരഞ്ഞെടുക്കപ്പെട്ട ടി.കെ.രാജീവ് കുമാർ സംവിധാനം ചെയ്ത കൊളാമ്പി എന്ന ചിത്രം സ്ട്രീം ചെയ്തുകൊണ്ടാണ് മലയാളത്തിലെ പുതിയ ഒ ടി ടി പ്ലാറ്റ്ഫോം തുടക്കം കുറിക്കുന്നത്. സിനിമകൾക്ക് ഉയർന്ന സുരക്ഷ നൽകുന്നതിനും തടസ്സമില്ലാത്ത സ്ട്രീമിംഗ് ഉറപ്പാക്കുന്നതിനും എം ടാക്കിക്ക് വളരെ ശക്തമായ ഒരു സാങ്കേതിക ടീമും പ്രവർത്തിക്കുന്നു.
അന്താരാഷ്ട്ര നിലവാരമുള്ള ‘സ്ക്വാഡ്മൈൻഡ്’ ഉൽപ്പന്നമായ ‘എംടാക്കി’ ഒന്നര വർഷത്തിനുള്ളിലാണ് വികസിപ്പിച്ചെടുത്തുത് . ഡയറക്ടർ ലിജി രാജൻ, സി.ഇ.ഒ (ഫിനാൻഷ്യൽ ആൻഡ് എജ്യുക്കേഷൻ കൺസൾട്ടന്റ്) ലിന്റോ, വർണ്ണ എസ് കുമാർ, മാനേജിങ് ഡയറക്ടർ റാംമോഹൻ മേനോൻ (സ്ക്വാഡ് മൈൻഡ് ഉടമയും ദുബായ് പോലീസിലെ സൈബർ ഫോറൻസിക് വിദഗ്ദ്ധനും) തുടങ്ങിയ പരിചയസമ്പന്നരും വിദഗ്ദ്ധരും ഉൾപ്പെടുന്ന ഒരു സാങ്കേതിക വിദഗ്ധ സംഘമാണ് സംയോജിത സുരക്ഷാ ഫീച്ചറുകൾ നിറഞ്ഞ ‘എം ടാക്കി’യുടെ അണിയറ പ്രവർത്തകർ.
ഒരു കുടുംബചിത്രമായ കോളാമ്പിയിൽ ക്യാമറക്ക് പിന്നിലും മുന്നിലും രഞ്ജി പണിക്കർ, നിത്യ മേനോൻ, രോഹിണി മൊല്ലട്ടി, ദിലീഷ് പോത്തൻ, അരിസ്റ്റോ സുരേഷ്, ജി സുരേഷ് കുമാർ, പരേതനായ പി ബാലചന്ദ്രൻ, ബൈജു, വിജയ് യേശുദാസ്, മഞ്ജു പിള്ള, സിദ്ധാർത്ഥ് മേനോൻ തുടങ്ങി ഒരു വലിയ താരനിരയാണ് കോളാമ്പിയിൽ അണിനിരന്നിട്ടുള്ളത്.
നിർമാല്യം സിനിമയുടെ ബാനറിൽ രൂപേഷ് ഓമനയാണ് കോളാമ്പി നിർമ്മിച്ചിരിക്കുന്നത്. ചിത്രത്തിന്റെ കഥ ടി കെ രാജീവ് കുമാറും തിരക്കഥ കെ എം വേണുഗോപാലും നിർവഹിച്ചിരിക്കുന്നു. രവി വർമ്മൻ ഛായാഗ്രഹണവും റസൂൽ പൂക്കുട്ടി സൗണ്ട് ഡിസൈനിങ്ങും നിർവഹിച്ചിരിക്കുന്നു. അജയ് കുളിയൂർ എഡിറ്റ് ചെയ്തിരിക്കുന്ന ചിത്രത്തിന്റെ പ്രൊഡക്ഷൻ ഡിസൈനർ സാബു സിറിൽ ആണ്. സംഗീതം രമേഷ് നാരായണനും ഇൻസ്റ്റലേഷൻ ആർട്ടിസ്റ്റ് റാസി മുഹമ്മദുമാണ്. വി പുരുഷോത്തമൻ, ഷൈനി ബെഞ്ചമിൻ എന്നിവരാണ് അസോസിയേറ്റ് ഡയറക്ടർമാർ, വാർത്താ പ്രചരണം പ്രതീഷ് ശേഖർ.